Rohit Sharma: 'കമന്ററി ബോക്‌സില്‍ ഇരിക്കുന്നവരല്ല എന്റെ ജീവിതം തീരുമാനിക്കുന്നത്'; വിരമിക്കുന്നില്ലെന്ന സൂചന നല്‍കി രോഹിത് ശര്‍മ

രേണുക വേണു

ശനി, 4 ജനുവരി 2025 (08:36 IST)
Rohit Sharma: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഇപ്പോള്‍ വിരമിക്കുന്നില്ലെന്ന സൂചന നല്‍കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. സിഡ്‌നി ടെസ്റ്റില്‍ കളിക്കാത്തതു കൊണ്ട് വിരമിക്കുകയാണെന്ന അര്‍ത്ഥമില്ലെന്നും രോഹിത് പറഞ്ഞു. സിഡ്‌നിയില്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന് ഉച്ചഭക്ഷണ ഇടവേള സമയത്ത് ബ്രോഡ്കാസ്‌റ്റേഴ്‌സുമായി സംസാരിക്കുമ്പോഴാണ് രോഹിത് ഇക്കാര്യം പറഞ്ഞത്. 
 
' ഇത് വിരമിക്കല്‍ തീരുമാനമല്ല, ഞാന്‍ ഈ കളി വിടാന്‍ ഉദ്ദേശിക്കുന്നില്ല. എന്റ ബാറ്റില്‍ നിന്ന് റണ്‍സ് വരുന്നില്ല, അതുകൊണ്ടാണ് ഈ കളിയില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചത്. അടുത്ത രണ്ട് മാസത്തിനുള്ളിലോ അല്ലെങ്കില്‍ അഞ്ച് മാസത്തിനുള്ളിലോ ഞാന്‍ റണ്‍സെടുക്കുമെന്ന് ഇപ്പോള്‍ ഉറപ്പ് പറയാന്‍ സാധിക്കില്ല. ഞാന്‍ ഒരുപാട് ക്രിക്കറ്റ് കണ്ടിട്ടുണ്ട്. ഓരോ മിനിറ്റിലും ഓരോ സെക്കന്‍ഡിലും ഓരോ ദിവസവും ജീവിതം മാറുന്നു. കമന്ററി ബോക്‌സില്‍ ഇരിക്കുന്നവര്‍ക്കോ അല്ലെങ്കില്‍ ലാപ്‌ടോപ്പുമായി എന്തെങ്കിലും എഴുതാന്‍ ഇരിക്കുന്നവര്‍ക്കോ എന്റെ ജീവിതം എങ്ങനെ പോകണമെന്ന് തീരുമാനിക്കാന്‍ സാധിക്കില്ല' രോഹിത് പറഞ്ഞു. 
 
' ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയിട്ട് കുറേയായി, ഞാന്‍ എപ്പോള്‍ കളിക്കണം, എങ്ങനെ കളിക്കണം, എപ്പോള്‍ ക്യാപ്റ്റനാകണം, എപ്പോള്‍ വിരമിക്കണം എന്നൊന്നും വേറാര്‍ക്കും തീരുമാനിക്കാന്‍ സാധിക്കില്ല. ഞാന്‍ വിവേകമുള്ള വ്യക്തിയാണ്, പക്വതയുള്ള മനുഷ്യന്‍, രണ്ട് കുട്ടികളുടെ അച്ഛനാണ്, എനിക്ക് ബുദ്ധിയുണ്ട്, അതുകൊണ്ട് എന്താണ് ജീവിതത്തില്‍ വേണ്ടതെന്ന് എനിക്ക് അറിയാം. ഇപ്പോള്‍ ഞാന്‍ ഫോമില്‍ അല്ല. പ്രധാനപ്പെട്ട മത്സരം ആയതിനാല്‍ ഫോമിലുള്ള ബാറ്ററെ ടീമിനു ആവശ്യമാണ്. ഇത്രയേ എന്റെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ അത് മനസിലാക്കി പരിശീലകനോടും സെലക്ടറോടും പറഞ്ഞു. അവര്‍ എന്റെ തീരുമാനത്തെ പിന്തുണച്ചു.' രോഹിത് കൂട്ടിച്ചേര്‍ത്തു. 
 
രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രിത് ബുംറയാണ് സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്. രോഹിത് നാട്ടില്‍ ആയിരുന്നതിനാല്‍ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിലും ബുറയായിരുന്നു നായകന്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍