രോഹിത് നല്ലൊരു താമാശക്കാരനാണ്, ക്രിക്കറ്റ് അവസാനിപ്പിച്ചാലും സ്റ്റാൻഡ് അപ്പ് കോമഡിയിൽ ഭാവിയുണ്ട്, പരിഹാസവുമായി സൈമൺ കാറ്റിച്ച്
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തോടെ രൂക്ഷവിമര്‍ശനമാണ് ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ ഏറ്റുവാങ്ങുന്നത്. ഓസീസിനെതിരെ 3 ടെസ്റ്റുകളില്‍ നിന്നായി വെറും 31 റണ്‍സ് മാത്രമായിരുന്നു 37കാരനായ താരത്തിന് നേടാനായത്. മോശം പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ അഞ്ചാം ടെസ്റ്റില്‍ നിന്നും രോഹിത് മാറിനിന്നെങ്കിലും വിരമിക്കല്‍ തീരുമാനമില്ലെന്ന് അഞ്ചാം ടെസ്റ്റിനിടെ രോഹിത് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതോടെ ജൂണില്‍ ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലും രോഹിത് കളിക്കുമെന്നാണ് സൂചന.
എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കളിക്കുക എന്നത് രോഹിത്തിന് വലിയ വെല്ലുവിളിയാകുമെന്നാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരമായ സൈമണ്‍ കാറ്റിച്ച് വ്യക്തമാക്കുന്നത്. രോഹിത്തിന് മാത്രമെ രോഹിത്തില്‍ എത്രമാത്രം ക്രിക്കറ്റിനോട് അഭിനിവേശം ബാക്കിയുണ്ട് എന്നറിയുകയുള്ളു.37 വയസില്‍ ഇംഗ്ലണ്ടില്‍ പരമ്പര കളിക്കുക എന്നത് എളുപ്പമാകില്ല. ഗസ് ആറ്റ്കിന്‍സണ്‍, ബ്രൈഡണ്‍ കാഴ്‌സ് തുടങ്ങി മികച്ച ബൗളര്‍മാര്‍ ഇംഗ്ലണ്ടിനുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് ഒരിക്കലും ഒരു 37 വയസുള്ള ബാറ്റര്‍ക്ക് അനുകൂലമായ ഒന്നല്ല. കാറ്റിച്ച് പറഞ്ഞു.
അതേസമയം സിഡിനി ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ മാധ്യമങ്ങളോട് രോഹിത് നടത്തിയ പ്രതികരണത്തെ പറ്റിയും സൈമണ്‍ കാറ്റിച്ച് അഭിപ്രായം വ്യക്തമാക്കി. വിരമിക്കലിനെ പറ്റിയുള്ള ചോദ്യത്തിന് രോഹിത് പറഞ്ഞത് ഇങ്ങനെയായിരുന്നു. കാര്യങ്ങള്‍ മാറുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. അതേസമയം യാഥാര്‍ഥ്യത്തെ പറ്റി എനിക്ക് ബോധ്യവുമുണ്ട്. മൈക്കുമായി ഇരിക്കുന്ന അല്ലെങ്കില്‍ ലാപ്‌ടോപ്പിന് മുന്നില്‍ പെന്നുമായി ഇരിക്കുന്ന ഒരാള്‍ക്ക് അവര്‍ എഴുതുന്നത് വെച്ച് ഞങ്ങളുടെ ജീവിതം മാറ്റാനാകില്ല. ഇതിന് കാറ്റിച്ചിന്റെ പ്രതികരണം ഇങ്ങനെ. ആ അഭിമുഖം ഞാനും കണ്ടിരുന്നു. രോഹിത് നന്നായി സംസാരിക്കുന്നു. ക്രിക്കറ്റില്‍ നിന്നും വിരമിച്ചാലും സ്റ്റാന്‍ഡ് അപ്പ് കോമഡിയില്‍ രോഹിത്തിന് നല്ല ഭാവിയുണ്ട്.