ഐപിഎൽ കഴിഞ്ഞാൽ രോഹിത്തും കോലിയും കഷ്ടത്തിലാകും, ടെസ്റ്റിൽ തുടരാൻ ഇംഗ്ലണ്ടിൽ കഴിവ് തെളിയിക്കേണ്ടി വരും

അഭിറാം മനോഹർ

ഞായര്‍, 5 ജനുവരി 2025 (16:07 IST)
ഇത്തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയോടൊപ്പം ക്രിക്കറ്റ് ആരാധകര്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് രോഹിത് ശര്‍മ- വിരാട് കോലി എന്നീ സൂപ്പര്‍ ബാറ്റര്‍മാര്‍ ഇനി ലോക ക്രിക്കറ്റില്‍ തുടരും എന്നതിനെ പറ്റിയാണ്. 37കാരനായ രോഹിത്തിന്റെ കരിയര്‍ ഏതാണ്ട് അവസാനിച്ചെന്ന് ആരാധകര്‍ കരുതുമ്പോള്‍ കോലിയ്ക്ക് ഇനിയും തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷ ഇന്ത്യന്‍ ആരാധകര്‍ക്കുണ്ട്. എന്നാല്‍ അതിനാല്‍ ആഭ്യന്തര ക്രിക്കറ്റ് അടക്കമുള്ളവ ഇന്ത്യന്‍ സീനിയര്‍ താരങ്ങള്‍ കളിക്കേണ്ടതായി വരുമെന്നും ആരാധകര്‍ പറയുന്നു.
 
ഫെബ്രുവരിയില്‍ പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയോടെ രോഹിത് ശര്‍മ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്നാണ് സൂചന. 35കാരനായ കോലിയ്ക്ക് ഫിറ്റ്‌നസ് ലെവല്‍ പ്രകാരം ഇനിയും 3-4 വര്‍ഷങ്ങള്‍ തുടരാനാകും. എന്നാല്‍ ബാറ്ററെന്ന നിലയില്‍ സ്പിന്നിനെതിരെ കളിക്കുന്നതിലെ കോലിയുടെ ദൗര്‍ബല്യവും ടെസ്റ്റിലെ ഓഫ്‌സൈഡ് ട്രാപ്പില്‍ സ്ഥിരമായി പുറത്താകുന്നതും വലിയ പോരായ്മകള്‍ തന്നെയാണ്. ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് അവസാനിച്ചാല്‍ ഐപിഎല്ലും കഴിഞ്ഞ് ജൂണിലാണ് ഇന്ത്യയ്ക്ക് ടെസ്റ്റ് മത്സരങ്ങളുള്ളത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ സൂപ്പര്‍ താരങ്ങളുടെ പ്രകടനമാവും അവരുടെ ഭാവിയെ കുറിക്കുക.
 
 ഐപിഎല്‍ കഴിയുന്നതോടെ കൂടുതല്‍ യുവതാരങ്ങള്‍ ഇന്ത്യന്‍ ദേശീയ ടീമിലേക്ക് വരുമെന്ന് ഉറപ്പാണ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ സെഞ്ചുറി നേടാനായെങ്കിലും 190 റണ്‍സ് മാത്രമാണ് കോലിയ്ക്ക് നേടാനായത്. യുവതാരങ്ങള്‍ പുറത്ത് അവസരങ്ങള്‍ കാത്ത് നില്‍ക്കുന്നതിനാല്‍ ഏറെക്കാലം സീനിയര്‍ താരങ്ങലെ അകമഴിഞ്ഞ് പിന്തുണയ്ക്കാന്‍ ബിസിസിഐയ്ക്ക് സാധിക്കില്ലെന്ന് ഉറപ്പാണ്. കോലി 2027ലെ ഏകദിന ലോകകപ്പോടെയാണ് വിരമിക്കാന്‍ ആഗ്രഹിക്കുന്നതെങ്കിലും ബാറ്റിംഗിലെ പോരായ്മകള്‍ തിരുത്താനായില്ലെങ്കില്‍ ഇത് എത്രമാത്രം സാധ്യമാണെന്ന് ഉറപ്പ് പറയാനാകില്ല.
 
 അങ്ങനെയെങ്കില്‍ ജൂണ്‍ മാസത്തിന് മുന്‍പായി ആഭ്യന്തര ക്രിക്കറ്റിലേക്ക് കോലി മടങ്ങിയെത്താന്‍ സാധ്യതയേറെയാണ്. രഞ്ജി ട്രോഫി മത്സരങ്ങള്‍ ഫെബ്രുവരിയിലാകും അവസാനിക്കുക. പിന്നാലെ ചാമ്പ്യന്‍സ് ട്രോഫി- ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ കോലിയ്ക്ക് താളം വീണ്ടെടുക്കുക എന്നത് പ്രയാസകരമാകും. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങാനായില്ലെങ്കില്‍ താത്കാലികമായെങ്കിലും കോലിയെ ഇന്ത്യയ്ക്ക് ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും മാറ്റിനിര്‍ത്തേണ്ടി വരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍