ടീമിനെ പറ്റി ചിന്തിക്കു, താരങ്ങൾക്ക് പിന്നാലെ ഓടുന്നത് ഇനിയെങ്കിലും നിർത്തു, വേണ്ടത് കർശന നടപടിയെന്ന് സുനിൽ ഗവാസ്കർ

അഭിറാം മനോഹർ

തിങ്കള്‍, 6 ജനുവരി 2025 (18:53 IST)
ഓസ്‌ട്രേലിയക്കെതിരായ റ്റെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റിലെ താരസംസ്‌കാരത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസതാരവുമായ സുനില്‍ ഗവാസ്‌കര്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ താരസംസ്‌കാരം അവസാനിക്കാന്‍ ബിസിസിഐ കര്‍ശനമായി ഇടപെടേണ്ട സമയമാണിതെന്നും അടുത്ത 8-10 ദിവസം ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണെന്നും ഗവാസ്‌കര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.
 
 ഇന്ത്യന്‍ ക്രിക്കറ്റിലെ താരസംസ്‌കാരം അവസാനിപ്പിക്കേണ്ട സമയമായി. ക്രിക്കറ്റിനായി പൂര്‍ണ്ണമായും സമര്‍പ്പിക്കുന്ന കളിക്കാരെയാണ് നമുക്ക് വേണ്ടത്. അടിയന്തിര ഘട്ടങ്ങളില്ലല്ലാതെ ഒരു മത്സരം പോലും ഒഴിവാക്കാതെ കളിക്കുന്നവരെയാണ് ടീമിലേക്ക് പരിഗണിക്കേണ്ടത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യമായാണ് ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ ടെസ്റ്റ് പരമ്പര നഷ്ടമാക്കുന്നത്. പകുതി ഇവിടെയും പകുതി അവിടെയും നില്‍ക്കുന്ന കളിക്കാരെ നമുക്ക് ആവശ്യമില്ല. കളിക്കാരെ ഇങ്ങനെ താലോലിക്കുന്നത് ബിസിസിഐ നിര്‍ത്തണം. സമീപകാലത്തെ ഇന്ത്യയുടെ പ്രകടനങ്ങള്‍ നിരാശപ്പെടുത്തുന്നതാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കേണ്ടവരായിരുന്നു നമ്മള്‍. പക്ഷേ അതിന് സാധിച്ചില്ല. ഇനിയെങ്കിലും ബിസിസിഐ കളിക്കാരുടെ ആരാധകരായി ഇരിക്കരുത്. കര്‍ശനമായ നടപടികളാണ് ആവശ്യം. ഇന്ത്യന്‍ ക്രിക്കറ്റിനാകണം കളിക്കാരുടെ പ്രഥമ പരിഗണനയെന്ന് അവരോട് പറയണം. അങ്ങനെയുള്ളവരെ മാത്രമെ ടീമിലെടുക്കാവു. രണ്ട് തോണിയില്‍ കാലിടുന്നവരെ ടീമിന് ആവശ്യമില്ല. ഗവാസ്‌കര്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍