2019ല്‍ ഐപിഎല്ലില്‍ ആദ്യ മത്സരം രാജസ്ഥാന്‍ റോയല്‍സില്‍ കളിച്ചത് മുതല്‍ രാജസ്ഥാന്റെ ഭാവിതാരമെന്ന വിശേഷണം ഏറ്റുവാങ്ങിയ താരമാണ് റിയാന്‍ പരാഗ്. ധ്രൂവ് ജുറല്‍,യശ്വസി ജയ്‌സ്വാള്‍ എന്നിങ്ങനെ പുത്തന്‍ താരങ്ങള്‍ രാജസ്ഥാനില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രധാന താരങ്ങളായി പരിണമിച്ചപ്പോള്‍ രാജസ്ഥാന്‍ ഏറെ പ്രതീക്ഷയോടെ ഒരുക്കിയെടുത്ത റിയാന്‍ പരാഗിന് കാഴ്ചക്കാരനായി നില്‍ക്കാന്‍ മാത്രമായിരുന്നു യോഗം. തുടര്‍ച്ചയായി അവസരങ്ങള്‍ രാജസ്ഥാന്‍ താരത്തിന് നല്‍കിയിട്ടും അവയൊന്നും തന്നെ മുതലാക്കാന്‍ റിയാന്‍ പരാഗിനായില്ല.
2019 മുതല്‍ 2023 വരെയുള്ള അഞ്ച് വര്‍ഷക്കാലയളവില്‍ 54 മത്സരങ്ങളിലാണ് രാജസ്ഥാന്‍ റോയല്‍സ് യുവതാരത്തിന് അവസരം നല്‍കിയത്. ഇക്കാലയളവില്‍ ഓര്‍മയില്‍ തങ്ങുന്ന ഒന്നോ രണ്ടോ പ്രകടനം മാത്രമാണ് താരം കാഴ്ചവെച്ചത്. 2024 സീസണിലും പരാഗിനെ രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്തിയപ്പോള്‍ ഞെട്ടിചുളിച്ചവര്‍ ഒട്ടെറെപേരാണ്. എന്നാല്‍ ഫ്രാഞ്ചൈസി തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ സീസണിലെ ആദ്യ 3 മത്സരങ്ങള്‍ പിന്നിടൂമ്പോള്‍ തന്നെ താരത്തിനായി.
2019 മുതല്‍ 2023 വരെയുള്ള കാലയളവില്‍ 54 മത്സരങ്ങളില്‍ നിന്നും വെറും 600 റണ്‍സ് മാത്രമാണ് റിയാന്‍ പരാഗ് സ്വന്തമാക്കിയിരുന്നത്. 2 അര്‍ധസെഞ്ചുറികള്‍ മാത്രമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ 2024 സീസണിലെ ആദ്യ 3 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 181 റണ്‍സ് താരം ഇതിനകം തന്നെ നേടി കഴിഞ്ഞു. കഴിഞ്ഞ 5 വര്‍ഷം കൊണ്ട് നേടിയെടുത്ത 2 അര്‍ധസെഞ്ചുറികള്‍ 3 മത്സരങ്ങള്‍ക്കുള്ളിലാണ് താരം നേടിയത്. കളിക്കളത്തില്‍ മാത്രമല്ല കളിയോടുള്ള സമീപനത്തിലും വ്യക്തിയെന്ന നിലയിലും താരം ഏറെ മാറിയതായി റിയാന്‍ പരാഗിന്റെ പ്രതികരണങ്ങളും നമുക്ക് കാണിച്ചുതരുന്നുണ്ട്.
മുന്‍പ് ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫിനിഷറാകാന്‍ തനിക്കാകുമെന്ന തരത്തില്‍ വീരസ്യം പറയുന്ന പരാഗല്ല മറിച്ച് കളിയിലൂടെ മറുപടി നല്‍കുന്ന പുതിയ വേര്‍ഷനെയാണ് ഇക്കുറി കാണാനാകുന്നത്. മത്സരശേഷമുള്ള പ്രതികരണങ്ങളിലും പക്വത ദൃശ്യമാണ്. മുന്‍പ് കളിക്കുമ്പോള്‍ തന്റെ സ്‌കില്ലുകള്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി ശ്രമിക്കുമായിരുന്നുവെന്നും എന്നാല്‍ ഇന്ന് എറിയുന്ന പന്തിനെ നേരിടുക എന്ന സിമ്പിളായ സമീപനത്തിലേക്ക് താന്‍ മാറിയെന്നുമാണ് പുതിയ സീസണിലെ പ്രകടനത്തെ പറ്റി റിയാന്‍ പരാഗ് പറയുന്നത്. റിയാന്‍ രാജസ്ഥാന്റെ വിശ്വസ്തനായി മാറിയെന്നതാണ് ടോപ് ഓര്‍ഡര്‍ മൂന്ന് മത്സരങ്ങളില്‍ പരാജയമായിട്ടും രാജസ്ഥാന്‍ മൂന്ന് മത്സരങ്ങളിലും വിജയിക്കാന്‍ കാരണമായത്. ജയ്‌സ്വാളും ബട്ട്‌ലറും കൂടി ട്രാക്കിലെത്തുന്നതോടെ ഈ ഐപിഎല്ലിലെ ഏറ്റവും ശക്തമായ നിരയാകാന്‍ രാജസ്ഥാന് സാധിക്കും.