ഇന്ത്യയുടെ 3 ഫോർമാറ്റുകളിലെയും സാന്നിധ്യമാകാൻ ശ്രേയസ് റെഡിയാണ്, പഞ്ചാബ് നായകനെ പുകഴ്ത്തി ഗാംഗുലി

അഭിറാം മനോഹർ

ബുധന്‍, 26 മാര്‍ച്ച് 2025 (17:12 IST)
ഇന്ത്യയുടെ 3 ഫോര്‍മാറ്റുകളിലും കളിക്കാന്‍ ശ്രേയസ് അയ്യര്‍ റെഡിയായി കഴിഞ്ഞെന്ന് വിശ്വസിക്കുന്നതായി മുന്‍ ഇന്ത്യന്‍ നായകനായ സൗരവ് ഗാംഗുലി. ആഭ്യന്തര ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് ശ്രേയസിന്റെ 2023-24ലെ കരാര്‍ ബിസിസിഐ നേരത്തെ റദ്ദാക്കിയിരുന്നു. എന്നാല്‍ ഈ തീരുമാനത്തിന് ശേഷം സ്വപ്നതുല്യമായ പ്രകടനങ്ങളാണ് താരം ആഭ്യന്തര ലീഗിലും രാജ്യാന്തര മത്സരങ്ങളിലും നടത്തുന്നത്. കഴിഞ്ഞ ഐപിഎല്‍ മത്സരത്തില്‍ 97 റണ്‍സുമായി പഞ്ചാബ് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കാനും ശ്രേയസിന് സാധിച്ചിരുന്നു.
 
കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഏറ്റവും മെച്ചപ്പെട്ട ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് ആണെന്ന് ഗാംഗുലി എക്‌സില്‍ കുറിച്ചു. 3 ഫോര്‍മാറ്റുകളിലും ഇന്ത്യയ്ക്കായി കളിക്കാന്‍ ശ്രേയസ് റെഡിയാണ്.  ഗാംഗുലി പറഞ്ഞു.ഐപിഎല്ലില്‍ ഗുജറാത്തിനെതിരായ മത്സരത്തില്‍ വെറും 3 റണ്‍സിനായിരുന്നു ശ്രേയസിന് നഷ്ടപ്പെട്ടത്. സെഞ്ചുറിയടിക്കാന്‍ അവസരമുണ്ടായിട്ടും ടീമിനായി അത് വേണ്ടെന്ന് വെച്ച താരത്തിന്റെ തീരുമാനം ഇന്നലെ ശരിയെന്ന് തെളിഞ്ഞിരുന്നു. മത്സരത്തില്‍ 11 റണ്‍സിനായിരുന്നു പഞ്ചാബിന്റെ വിജയം.
 
 രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കായി 5 മത്സരങ്ങളില്‍ 68.57 ശരാശരിയില്‍ 480 റണ്‍സും സയ്യിദ് അലി മുഷ്താഖ് ട്രോഫിയില്‍ 345 റണ്‍സും വിജയ് ഹസാരെ ട്രോഫിയില്‍ 325 റണ്‍സും താരം സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയ്ക്കായി ശ്രേയസ് തിളങ്ങിയിരുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍