'ഞാന്‍ കപ്പടിച്ചു കൊടുത്തു, പക്ഷേ വേണ്ടത്ര പരിഗണന കിട്ടിയില്ല'; കൊല്‍ക്കത്തയ്‌ക്കെതിരെ ശ്രേയസ് അയ്യര്‍

രേണുക വേണു

ബുധന്‍, 12 മാര്‍ച്ച് 2025 (12:57 IST)
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടത്തിലേക്ക് നയിച്ചത് ശ്രേയസ് അയ്യരാണ്. എന്നാല്‍ 2025 മെഗാ താരലേലത്തിലേക്ക് എത്തിയപ്പോള്‍ കപ്പ് നേടിത്തന്ന നായകനെ കൊല്‍ക്കത്ത കൈവിട്ടു. ശ്രേയസിനെ നിലനിര്‍ത്താനും കൊല്‍ക്കത്ത തയ്യാറായില്ല. ഇപ്പോള്‍ ഇതാ കൊല്‍ക്കത്ത ഫ്രാഞ്ചൈസിക്കെതിരെ ഒളിയമ്പുമായി ശ്രേയസ് രംഗത്തെത്തിയിരിക്കുന്നു. 
 
കപ്പ് നേടിക്കൊടുത്തിട്ടും തനിക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് ശ്രേയസ് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്. 
 
'നിരാശയുണ്ടോ എന്ന് ചോദിച്ചാല്‍ 'ഇല്ല'. ഞാന്‍ ഐപിഎല്‍ ആണല്ലോ കളിക്കുന്നത്. ഐപിഎല്‍ കിരീടം നേടുകയാണ് പ്രധാന ലക്ഷ്യം, ഞാനത് നേടുകയും ചെയ്തു. എങ്കിലും എനിക്ക് വ്യക്തിപരമായി തോന്നുന്നു ഐപിഎല്‍ കിരീടം നേടിയിട്ടും അര്‍ഹിക്കുന്ന പരിഗണന എനിക്ക് ലഭിച്ചിട്ടില്ലെന്ന് ! പക്ഷേ എല്ലാറ്റിനും അവസാനം നിങ്ങള്‍ ആത്മാഭിമാനം ഉള്ളവരായിരിക്കുകയും ശരിയായ കാര്യങ്ങള്‍ ചെയ്യുകയുമാണ് പ്രധാനം. ഞാന്‍ അത് ചെയ്തുകൊണ്ടിരിക്കുന്നു,' ശ്രേയസ് അയ്യര്‍ പറഞ്ഞു. 
 
' പരിഗണനയെ കുറിച്ച് പറയുമ്പോള്‍, ബഹുമാനിക്കപ്പെടുക എന്നതാണ് ഞാന്‍ ഉദ്ദേശിച്ചത്. ഞാന്‍ ഫീല്‍ഡില്‍ എത്രത്തോളം കഠിനാധ്വാനം ചെയ്‌തോ അതിനുള്ള ബഹുമാനം ലഭിക്കുക എന്നതാണ്,' ശ്രേയസ് അയ്യര്‍ കൂട്ടിച്ചേര്‍ത്തു. 
 
മെഗാ താരലേലത്തില്‍ പഞ്ചാബ് കിങ്‌സാണ് ശ്രേയസ് അയ്യരെ സ്വന്തമാക്കിയത്. പഞ്ചാബിനെ നയിക്കുന്നതും ശ്രേയസ് തന്നെ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍