' ഐപിഎല്ലില്‍ ഡല്‍ഹിയെ നയിക്കുക അക്‌സര്‍ പട്ടേല്‍ ആയിരിക്കും. ടീം നായകസ്ഥാനം ഏറ്റെടുക്കണമെന്ന് ഫ്രാഞ്ചൈസി ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ അത് വളരെ വിനീതമായി നിഷേധിച്ചു. ഒരു കളിക്കാരനെന്ന നിലയില്‍ ടീമിനു വേണ്ടി സംഭാവനകള്‍ നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ അറിയിച്ചു,' ഡല്‍ഹി ക്യാപിറ്റല്‍സുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.
രാഹുലിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് അക്‌സറിനെ നായകനാക്കാന്‍ ഡല്‍ഹി തീരുമാനിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. കളിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. 2019 മുതല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമാണ് അക്‌സര്‍. മെഗാ താരലേലത്തിനു മുന്നോടിയായി 18 കോടി രൂപയ്ക്കാണ് ഡല്‍ഹി അക്‌സറിനെ നിലനിര്‍ത്തിയത്.
നേരത്തെ പഞ്ചാബ് കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകളെ നയിച്ചിട്ടുള്ള പരിചയസമ്പത്താണ് രാഹുലിനെ നായകസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ഡല്‍ഹിയെ പ്രേരിപ്പിച്ചത്. മെഗാ താരലേലത്തില്‍ 14 കോടിക്കാണ് രാഹുലിനെ ഡല്‍ഹി സ്വന്തമാക്കിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് ആയിരുന്നു കഴിഞ്ഞ സീസണില്‍ ഡല്‍ഹിയുടെ നായകന്‍.