ഇത് ഇംഗ്ലണ്ടുകാരുടെ സ്ഥിരം പരുപാടി, ഐപിഎല്ലിന് മുൻപ് പിന്മാറി ഇംഗ്ലണ്ട് താരം, 2 വർഷം വിലക്ക് ലഭിച്ചേക്കും

അഭിറാം മനോഹർ

തിങ്കള്‍, 10 മാര്‍ച്ച് 2025 (13:14 IST)
ഡല്‍ഹി ക്യാപ്പിറ്റല്‍സിന് തിരിച്ചടിയായ ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാരി ബ്രൂക്ക് ഐപിഎല്ലില്‍ നിന്നും പിന്മാറി. കരിയറിലെ തിരക്കേറിയ ഘട്ടത്തില്‍ സ്വയം റീചാര്‍ജ് ചെയ്യാനായി ഇടവേള ആവശ്യമുണ്ടെന്ന് വ്യക്തമാക്കികൊണ്ടാണ് ബ്രൂക്ക് ഐപിഎല്ലില്‍ നിന്നും പിന്മാറിയത്. ഐപിഎല്‍ താരലേലത്തില്‍ 6.25 കോടി രൂപയ്ക്കായിരുന്നു ബ്രൂക്കിനെ ഡല്‍ഹി സ്വന്തമാക്കിയത്.
 
ജോസ് ബട്ട്ലര്‍ ഇംഗ്ലണ്ട് ഏകദിന ടീം നായകസ്ഥാനത്ത് നിന്നും പിന്മാറിയതോടെ ഹാരി ബ്രൂക്കിനെ നായകനാക്കിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് ബ്രൂക്കിന്റെ പിന്മാറ്റം എന്നാണ് സൂചന. കഴിഞ്ഞ ഐപിഎല്‍ സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് മുത്തശ്ശിയുടെ മരണത്തെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്നും ബ്രൂക്ക് പിന്മാറിയിരുന്നു. വിദേശതാരങ്ങള്‍ ഇത്തരത്തില്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറുന്നതിനാല്‍ ഇത്തരം താരങ്ങള്‍ക്കെതിരെ 2 വര്‍ഷം വിലക്ക് ഏര്‍പ്പെടുത്താന്‍ ഇത്തവണ തീരുമാനമുണ്ട്.
 
 പരിക്ക് മൂലമല്ലാത്ത പിന്മാറ്റങ്ങള്‍ സ്ഥിരമായതിനെ തുടര്‍ന്നാണ് നടപടി. മതിയായ കാരണങ്ങളില്ലാതെ പിന്മാറുന്ന താരങ്ങളെ 2 വര്‍ഷത്തേക്ക് ഐപിഎല്ലില്‍ നിന്നും വിലക്കാനാണ് ബിസിസിഐ തീരുമാനിച്ചത്. ഇതോടെ ഐപിഎല്ലില്‍ ഹാരി ബ്രൂക്കിന് 2 വര്‍ഷ വിലക്ക് ലഭിക്കാന്‍ സാധ്യതയേറെയാണ്. 2023ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ഐപിഎല്ലില്‍ കളിച്ച ബ്രൂക്ക് 11 കളികളില്‍ ഒരു സെഞ്ചുറിയടക്കം വെറും 190 റണ്‍സ് മാത്രമായിരുന്നു നേടിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍