Azmatullah Omarzai: ഇംഗ്ലണ്ടിനെ ചാരമാക്കിയ 5 വിക്കറ്റ് പ്രകടനം, പൊന്നും വിലയ്ക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയ താരം, ആരാണ് അസ്മത്തുള്ള ഒമർസായ്

അഭിറാം മനോഹർ

വ്യാഴം, 27 ഫെബ്രുവരി 2025 (14:34 IST)
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ചരിത്രവിജയത്തില്‍ അഫ്ഗാനിസ്ഥാന്റെ വിജയശില്പിയായ താരമായിരുന്നു അസ്മത്തുള്ള ഒമര്‍സായ്. സെഞ്ചുറി പ്രകടനവുമായി ഇബ്രാഹിം സദ്രാനാണ് പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയതെങ്കിലും 5 വിക്കറ്റും 41 റണ്‍സും നേടി മത്സരത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിയ അസ്മത്തുള്ള ഓമര്‍സായ് ആയിരുന്നു പുരസ്‌കാരത്തിന് അര്‍ഹന്‍.
 
 അഫ്ഗാനിസ്ഥാനായി 146 പന്തില്‍ 12 ഫോറും 6 സിക്‌സും സഹിതം 177 റണ്‍സാണ് ഇബ്രാഹിം സദ്രാന്‍ നേടിയത്. എന്നാല്‍ ബാറ്റ് കൊണ്ട് 41 റണ്‍സും ബൗളിങ്ങില്‍ 5 വിക്കറ്റും നേടാന്‍ 24ക്കാരനായ അസ്മത്തുള്ള ഓമര്‍സായ്ക്കായി. ഐസിസി ഏകദിന ടൂര്‍ണമെന്റുകളുടെ ചരിത്രത്തില്‍ ഒരു അഫ്ഗാന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണ് ഒമര്‍സായ് നടത്തിയത്. 2019 ഏകദിന ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ 4 വിക്കറ്റുകള്‍ നേടിയ മുഹമ്മദ് നബിയുടെ റെക്കോര്‍ഡാണ് ഒമര്‍സായ് മറികടന്നത്.
 
 2021ല്‍ അഫ്ഗാന്‍ ക്രിക്കറ്റ് ടീമില്‍ അംഗമായി മാറിയ അസ്മത്തുള്ള ഒമര്‍സായ് 2023ലെ ഏകദിന ലോകകപ്പിലെ അഫ്ഗാന്‍ ടീമിലും ഭാഗമായിരുന്നു. ഏകദിനക്രിക്കറ്റിലെ ഓള്‍ റൗണ്ട് പ്രകടനങ്ങളുടെ മികവില്‍ 2024ലെ ഐസിസിയുടെ മികച്ച ഏകദിന ക്രിക്കറ്ററിനുള്ള പുരസ്‌കാരം താരം സ്വന്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ 2.4 കോടി മുടക്കി പഞ്ചാബ് കിംഗ്‌സാണ് താരത്തെ സ്വന്തമാക്കിയത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍