ചാമ്പ്യൻസ് ട്രോഫിയിലെ മടക്കം, അപ്രതീക്ഷിത വിരമിക്കൽ തീരുമാനത്തിനൊരുങ്ങി പാക് താരം

അഭിറാം മനോഹർ

ബുധന്‍, 26 ഫെബ്രുവരി 2025 (19:59 IST)
ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന്‍ സെമിഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെ ഏകദിന ഫോര്‍മാറ്റില്‍ നിന്നും അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിക്കാനൊരുങ്ങി പാക് താരം ഫഖര്‍ സമന്‍. ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ് മടങ്ങിയതോടെ ടൂര്‍ണമെന്റില്‍ നിന്നും താരം പുറത്തായിരുന്നു. ഇന്ത്യക്കെതിരെ തോല്‍വി ഏറ്റുവാങ്ങി പാകിസ്ഥാന്‍ സെമി ഫൈനല്‍ കാണാതെ മടങ്ങിയതിന് പിന്നാലെയാണ് ഫഖര്‍ സമന്‍ വിരമിക്കല്‍ തീരുമാനമെടുത്തതെന്ന് താരത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പാക് ചാനലായ സമാ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
 
പാകിസ്ഥാന് വേണ്ടി 86 ഏകദിനങ്ങളില്‍ നിന്നും 11 സെഞ്ചുറിയടക്കം 46.21 ശരാശരിയില്‍ 3651 റണ്‍സാണ് താരം നേടിയിട്ടുള്ളത്. ചാമ്പ്യന്‍സ് ട്രോഫിയായിരിക്കും തന്റെ അവസാന ടൂര്‍ണമെന്റെന്നും ഏകദിനക്രിക്കറ്റില്‍ നിന്നും ഇടവേളയെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഫഖര്‍ സമന്‍ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സമീപകാലത്ത് നേരിട്ട ആരോഗ്യപ്രശ്‌നങ്ങളും താരത്തിന്റെ തീരുമാനത്തിന് പിന്നിലുണ്ട്. 34കാരനായ ഫഖര്‍ പാകിസ്ഥാന് വേണ്ടി 3 ടെസ്റ്റിലും 92 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ നിന്നും വിരമിച്ചാലും താരം ടി20യില്‍ പാകിസ്ഥാന് വേണ്ടി തുടര്‍ന്നും കളിച്ചേക്കും.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍