വിദേശികളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി, ചാമ്പ്യൻസ് ട്രോഫിയിൽ സുരക്ഷ ശക്തമാക്കി

അഭിറാം മനോഹർ

ചൊവ്വ, 25 ഫെബ്രുവരി 2025 (21:19 IST)
പാകിസ്ഥാനിലും ദുബായിലുമായി നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് സുരക്ഷാ ഭീഷണി. ടൂര്‍ണമെന്റിനെത്തുന്ന വിദേശികളെ രഹസ്യസംഘങ്ങള്‍ തട്ടികൊണ്ടുപോകാന്‍ സാധ്യതയുള്ളതായി അഭ്യൂഹങ്ങള്‍ പരന്നതിനെ തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫി വേദികളിലെ സുരക്ഷ ശക്തമാക്കി. അതീവ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശമാണ് പാകിസ്ഥാന്‍ ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയിരിക്കുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
 ഇന്ത്യയൊഴികെ മറ്റെല്ലാ രാജ്യങ്ങളുടെയും മത്സരങ്ങള്‍ പാകിസ്ഥാനില്‍ വെച്ചാണ് നടക്കുന്നത്. ഇന്ത്യ ഫൈനലില്‍ എത്തിയില്ലെങ്കില്‍ പാകിസ്ഥാനില്‍ വെച്ചാകും ഫൈനല്‍ മത്സരം നടക്കുക. ഭീകര സംഘടനകളായ തെഹ്രീക് താലിബാന്‍ പാകിസ്ഥാനും ഐഎസ്‌ഐഎസും വിദേശത്ത് നിന്നെത്തിയ ആളുകളെ അപായപ്പെടുത്താന്‍ സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. ബലൂചിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചില സംഘടനകളില്‍ നിന്നും ഇത്തരത്തില്‍ ഭീഷണിയുണ്ട്. ഈ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയത്. ലാഹോറിലും റാവല്‍പിണ്ടിയിലും മത്സരങ്ങള്‍ നടക്കുമ്പോള്‍ 12,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നഗരത്തില്‍ വിന്യസിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍