ചാമ്പ്യന്‍സ് ട്രോഫിയില്‍ സെമിഫൈനല്‍ കാണാതെ പുറത്തായതോട് കൂടി വലിയ വിമര്‍ശനമാണ് പാകിസ്ഥാന്‍ ടീമിനെതിരെ ഉയരുന്നത്. ഇന്ത്യക്കെതിരായ മത്സരത്തില്‍ പോലും കാര്യമായ പോരാട്ടമില്ലാതെയാണ് പാകിസ്ഥാന്‍ അടിയറവ് പറഞ്ഞത് എന്നതാണ് ആരാധകരെ നിരാശരാക്കിയത്. ഇതോടെ പാകിസ്ഥാന്റെ തോല്‍വിയില്‍ രൂക്ഷ വിമര്‍ശനങ്ങളുമായി മുന്‍ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ പാകിസ്ഥാന്റെ ക്രിക്കറ്റ് സമീപനത്തിനെതിരെ വിമര്‍ശനവുമായി വന്നിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ താരമായ ഷാഹിദ് അഫ്രീദി. ഈ 2025ലും പാകിസ്ഥാന്‍ 80കളിലെയും 90കളിലെയും ക്രിക്കറ്റാണ് കളിച്ചുകൊണ്ടിരിക്കുന്നതെന്ന് അഫ്രീദി കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ മറ്റ് ടീമുകളെല്ലാം ഒരുപാട് മുന്നോട്ട് പോയപ്പോള്‍ ഇഷ്ടം പോലെ ഡോട്ട് ബോളുകളാണ് പാകിസ്ഥാന്‍ ഇപ്പോഴും കളിക്കുന്നതെന്നും അഫ്രീദി വിമര്‍ശിച്ചു. ഇന്ത്യക്കെതിരായ മത്സരത്തില്‍ 49.4 ഓവര്‍ പാകിസ്ഥാന്‍ ബാറ്റ് ചെയ്തപ്പോള്‍ അതില്‍ 152 പന്തുകളില്‍ റണ്‍സ് നേടാന്‍ പാകിസ്ഥാന് സാധിച്ചിരുന്നില്ല. പാകിസ്ഥാന്‍ ക്രിക്കറ്റില്‍ ആക്രമണാത്മക ചിന്താഗതിയുള്ള താരങ്ങളെ സൃഷ്ടിക്കണമെന്നും അഫ്രീദി അഭിപ്രായപ്പെട്ടു.