ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് ബിയിലെ ഇംഗ്ലണ്ട്- അഫ്ഗാന്‍ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാന്‍ കൂറ്റന്‍ സ്‌കോര്‍. തുടക്കത്തില്‍ തന്നെ 3 വിക്കറ്റുകള്‍ നഷ്ടമായിട്ടും സമചിത്തത കൈവിടാതെ പൊരുതിയ ഹഷ്മത്തുള്ള ഷഹീദിയും ഓപ്പണര്‍ ഇബ്രാഹിം സദ്രാനുമാണ് 37 റണ്‍സിന് 3 എന്ന നിലയില്‍ പതറിയ അഫ്ഗാന്‍ ടീമിനെ മുന്നോട്ട് നയിച്ചത്.
തുടക്കത്തിലെ ആഞ്ഞടിച്ച് ആര്‍ച്ചര്‍ കൊടുങ്കാറ്റിനെ അതിജീവിച്ച ഇബ്രാഹീം സദ്രാന്‍ പക്ഷേ ഇംഗ്ലണ്ടിനായി മാറ്റിവെച്ചത് വലിയ നാശനഷ്ടമാണ്. ആദ്യം ഹഷ്മത്തുള്ള ഷഹീദിയേയും പിന്നീട് അസ്മത്തുള്ള ഒമര്‍സായിയേയും അവസാന ഓവറുകളില്‍ മുഹമ്മദ് നബിയേയും കൂട്ടുപ്പിടിച്ച ഇബ്രാഹിം സദ്രാന്‍ 177 റണ്‍സ് തന്റെ പേരില്‍ എഴുതിച്ചേര്‍ത്താണ് പവലിയനിലേക്ക് മടങ്ങിയത്. 146 പന്തില്‍ 6 സിക്‌സുകളും 12 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു സദ്രാന്റെ തകര്‍പ്പന്‍ ഇന്നിങ്ങ്‌സ്. മത്സരത്തിലെ അവസാന ഓവറില്‍ ലിയാം ലിവിങ്ങ്സ്റ്റണാണ് സദ്രാനെ മടക്കിയത്.