വിമര്‍ശനം മാത്രം നടത്തിയിട്ട് എന്ത് കാര്യം, അവന്മാരെ എന്റെ അടുത്തേക്ക് വിടു, പാക് ടീമിനെ മെച്ചപ്പെടുത്താന്‍ എനിക്കാകും: യോഗ്‌രാജ് സിങ്
ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും പുറത്തായതിന് പിന്നാലെ പാകിസ്ഥാന്‍ ടീമിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് മുന്‍ പാകിസ്ഥാന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ ഉയര്‍ത്തുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുള്ള പാകിസ്ഥാന്റെ ദയനീയമായ പ്രകടനത്തെ തുടര്‍ന്നാണ് വഖാര്‍ യൂനിസ്, വസീം അക്രം, ഷോയ്ബ് അക്തര്‍ എന്നിവരടക്കമുള്ള താരങ്ങള്‍ പാക് ടീമിനെതിരെ രംഗത്ത് വന്നത്. എന്നാല്‍ വിമര്‍ശനങ്ങള്‍ കൊണ്ട് മാത്രം കാര്യമില്ലെന്നും പാക് ടീമിനെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തുന്നുവര്‍ സ്വയം ലജ്ജിക്കണമെന്നും ഇവരൊന്നും തന്നെ ടീമിനെ മെച്ചപ്പെടുത്താന്‍ ഒന്നും ചെയ്യുന്നില്ലെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന്റെ പിതാവായ യോഗ്രാജ് സിങ്.
ഇത്തരം കാര്യങ്ങള്‍ പറയുന്നതില്‍ വസീം അക്രവും ഷോയിബ് അക്തറും അടങ്ങുന്ന താരങ്ങള്‍ ലജ്ജിക്കണമെന്നാണ് യോഗ്രാജ് സിങ്ങ് പറയുന്നത്. സ്വന്തം നാട്ടിലേക്ക് മടങ്ങി താരങ്ങള്‍ക്കായി ഒരു ക്യാമ്പ് സംഘടിപ്പിക്കു. നിങ്ങളില്‍ ആര്‍ക്കാണ് പാകിസ്ഥാനെ സഹായിക്കാനാവുന്നത് എന്ന് കാണട്ടെ. അതിന് സാധിക്കുന്നില്ലെങ്കില്‍ രാജിവെക്കു.
പാകിസ്ഥാനില്‍ പോയി ഒരു വര്‍ഷത്തിനുള്ളില്‍ മികച്ച ഒരു ടീമിനെ വാര്‍ത്തെടുക്കാന്‍ തനിക്ക് സാധിക്കുമെന്ന് യോഗ്‌രാജ് സിങ് പറയുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ അവരെ മാറ്റിയെടുക്കാന്‍ എനിക്കാകും. അക്രമോ വഖാര്‍ യൂനുസോ അക്തറോ മുന്നോട്ട് വന്ന് ടീമിനെ മെച്ചപ്പെടുത്താന്‍ ഒരു ക്യാമ്പ് നടത്താന്‍ സന്നദ്ധമായാല്‍ പിസിബി അത് വേണ്ടെന്ന് പറയുമോ?, എന്നാല്‍ അവര്‍ അങ്ങനെ ചെയ്യില്ല. കമന്ററിയിലൂടെ ഇത്തരം കാര്യങ്ങള്‍ പറഞ്ഞു പണം നേടുക മാത്രമാണ് ചെയ്യുന്നതെന്നും യോഗ്രാജ് സിങ് പറഞ്ഞു.