ബാബറിനെ കോലിയുമായി താരതമ്യം ചെയ്യണോ? രൂക്ഷമായി വിമര്‍ശിച്ച് അക്തര്‍

രേണുക വേണു

തിങ്കള്‍, 24 ഫെബ്രുവരി 2025 (11:06 IST)
ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരായ തോല്‍വിക്കു പിന്നാലെ പാക്കിസ്ഥാന്‍ താരങ്ങളെയും മാനേജ്‌മെന്റിനെയും വിമര്‍ശിച്ച് പാക്കിസ്ഥാന്റെ മുന്‍ പേസര്‍ ഷോയ്ബ് അക്തര്‍. ബാബര്‍ അസമിനെ കോലിയുമായി താരതമ്യം ചെയ്യുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോയെന്ന് അക്തര്‍ ചോദിച്ചു. പാക്കിസ്ഥാന്‍ ടീമിന്റെ പ്രകടനം അങ്ങേയറ്റം നിരാശജനകവും ഹൃദയം തകര്‍ക്കുന്നതുമാണെന്നും അക്തര്‍ പറഞ്ഞു. 
 
' ബാബറിനെ നിങ്ങള്‍ വിരാടുമായി താരതമ്യം ചെയ്യുമോ? ശ്രേയസ് അയ്യരിനെ ഖുഷ്ദില്‍ ഷായുമായി താരതമ്യം ചെയ്യാന്‍ കഴിയുമോ? രോഹിത് ശര്‍മയെ മുഹമ്മദ് റിസ്വാനുമായി? കഴിഞ്ഞ പത്ത് വര്‍ഷമായി ഞാന്‍ കേള്‍ക്കുന്ന ഈ പാക്കിസ്ഥാന്‍ ടീം വളരെ കഴിവുള്ളവരാണെന്നാണ്. പക്ഷേ എവിടെയാണ് ആ കഴിവ്? റണ്‍സ് സ്‌കോര്‍ ചെയ്യുകയും വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്താലേ നിങ്ങള്‍ താരങ്ങളാകൂ. അങ്ങനെ നോക്കിയാല്‍ എനിക്ക് ഈ ടീമില്‍ ഒരു മികവും കാണാന്‍ സാധിക്കുന്നില്ല,' അക്തര്‍ പറഞ്ഞു. 
 
' ഈ പരാജയം അങ്ങേയറ്റം നിരാശജനകവും ഹൃദയം തകര്‍ക്കുന്നതുമാണ്. പക്ഷേ ഇതില്‍ ഞെട്ടാന്‍ പാകത്തിനു ഒന്നുമില്ല. കാരണം ഇങ്ങനെയൊരു തോല്‍വി ആദ്യമായിട്ടൊന്നും അല്ലല്ലോ. എന്ത് ചെയ്യണമെന്ന് അറിയാത്ത മാനേജ്‌മെന്റ് ആണിത്, ബുദ്ധിയില്ലാത്ത ക്യാപ്റ്റന്‍സിയും. ഒരു ശരാശരി ടീം മാത്രമാണിത്. ഇവര്‍ക്ക് കളിയെ കുറിച്ച് ഒരു ബോധ്യവുമില്ല,' അക്തര്‍ ആഞ്ഞടിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍