ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങി സെമിഫൈനല്‍ കാണാതെ പുറത്തായതോടെ പാക് ക്രിക്കറ്റില്‍ പൊട്ടിത്തെറി. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം അക്വിബ് ജാവേദിന്റെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തെ പുറത്താക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ 60 റണ്‍സിന് തോറ്റ പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ 6 വിക്കറ്റിനും പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ പരിശീലകസ്ഥാനത്ത് നിന്നും ഗാരി കിര്‍സ്റ്റണ്‍ ഒഴിഞ്ഞതോടെയാണ് മുന്‍ പാക് പേസറായ അക്വിബ് ജാവേദിനെ പാക് ക്രിക്കറ്റ് ബോര്‍ഡ് ഇടക്കാല പരിശീലകനായി നിയമിച്ചത്. പിന്നീട് മുന്‍ ഓസീസ് പേസറായ ജേസന്‍ ഗില്ലെസ്പി ടെസ്റ്റ് ടീം പരിശീലക ചുമതല ഒഴിഞ്ഞപ്പോള്‍ ഈ ചുമതലയും അക്വിബ് ജാവേദിന്റെ ചുമലിലായി. 2 വര്‍ഷമായി പാക് മണ്ണില്‍ ടെസ്റ്റ് ജയിക്കാതിരുന്ന പാകിസ്ഥാന്‍ സ്പിന്‍ പിച്ചുകളൊരുക്കി വിജയിച്ചത് അക്വിബ് ജാവേദ് പരിശീലകനായിരുന്നപ്പോഴായിരുന്നു. പരിശീലകസംഘത്തിന് നേരെ നടപടിയുണ്ടാകുമെന്ന് ഉറപ്പായെങ്കിലും പാക് ടീമില്‍ അഴിച്ചുപണികള്‍ നടത്തുമോ എന്ന് വ്യക്തമല്ല. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഷഹീന്‍ അഫ്രീദി എന്നിങ്ങനെ താരങ്ങളുണ്ടെങ്കിലും സമീപകാലത്തൊന്നും അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്താന്‍ പാക് ടീമിനായിട്ടില്ല.