ഇന്ത്യയോട് വിജയിച്ചേ തീരു, ദുബായിൽ മണിക്കൂറുകളോളം പ്രത്യേക പരിശീലനം നടത്തി പാക് ടീം

അഭിറാം മനോഹർ

ഞായര്‍, 23 ഫെബ്രുവരി 2025 (12:12 IST)
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ നേരിടുന്നതിനായി പ്രത്യേക പരിശീലനം തന്നെ നടത്തി പാകിസ്ഥാന്‍ ടീം. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രമാണ് ദുബായില്‍ വെച്ച് നടക്കുന്നത്. അതിനാല്‍ മത്സരത്തിന് മുന്‍പ് ദുബായിലെ സാഹചര്യത്തെ പറ്റി പൂര്‍ണമായി മനസിലാക്കാനാണ് പാക് ടീമിന്റെ ശ്രമം. ആദ്യമത്സരത്തില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട പാകിസ്ഥാന് ടൂര്‍ണമെന്റില്‍ തുടരാന്‍ ഇന്ത്യയ്‌ക്കെതിരെ വിജയം അത്യാവശ്യമാണ്.
 
ആദ്യമത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റതിനാല്‍ തന്നെ ഇന്ത്യക്കെതിരെയും പരാജയപ്പെട്ടാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പാകിസ്ഥാന്‍ പുറത്താകുന്ന സ്ഥിതിയിലാകും. ഈ സാഹചര്യത്തില്‍ ദുബായിലെ പിച്ചിനെ പറ്റി നന്നായി അറിയാവുന്ന മുന്‍ ക്രിക്കറ്റ് താരം മുദാസര്‍ നാസറിന്റെ സേവനം പാകിസ്ഥാന്‍ ടീം തേടി. നേരത്തെ കെനിയ, യുഎഇ ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള പരിചയം താരത്തിനുണ്ട്.
 
 ദുബായ് ഗ്ലോബര്‍ ക്രിക്കറ്റ് അക്കാദമിയിലും എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡില്‍ സെലക്ടറായും നാസര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദുബായിലെ സാഹചര്യങ്ങളെ പറ്റിയുള്ള മുദാസര്‍ നാസറിന്റെ അറിവ് പ്രയോജനപ്പെടുത്താനാണ് പാകിസ്ഥാന്‍ ശ്രമം. ഇന്ത്യക്കെതിരായ മത്സരത്തിന് മുന്‍പ് മണിക്കൂറുകളോളമാണ് പാക് ടീം പരിശീലനം നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് 2:30നാണ് ലോകം കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍