പ്രധാനപ്പെട്ട 5 താരങ്ങൾ ഇല്ലാതിരുന്നിട്ടും ഇംഗ്ലണ്ടിനെ ഫിനിഷ് ചെയ്ത് ഓസ്ട്രേലിയ, മൈറ്റി ഓസീസ് എന്ന പേര് ചുമ്മാ കിട്ടിയതല്ലാ..

അഭിറാം മനോഹർ

ഞായര്‍, 23 ഫെബ്രുവരി 2025 (11:40 IST)
ലോക ക്രിക്കറ്റിലെ വമ്പന്‍ ശക്തികളാണെങ്കിലും ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കുന്നത് വരെയും ഓസ്‌ട്രേലിയയെ കാര്യമായെടുത്തവര്‍ കുറവാണ്. പ്രധാനതാരങ്ങളായ 5 പേരില്ലാതെയാണ് ചാമ്പ്യന്‍സ് ട്രോഫി കളിക്കാനായി ഓസ്‌ട്രേലിയ എത്തിയത് എന്നായിരുന്നു അതിന് കാരണം. എന്നാല്‍ വെട്ട് കിട്ടിയാല്‍ മുറികൂടുന്ന ഓസ്‌ട്രേലിയന്‍ ഡിഎന്‍എ എങ്ങും പോയിട്ടില്ലെന്ന് ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ തന്നെ ഓസ്‌ട്രേലിയ തെളിയിച്ചു.
 
 താരതമ്യേന ദുര്‍ബലരായ ഓസ്‌ട്രേലിയന്‍ ബൗളിങ്ങിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 351 റണ്‍സാണ് അടിച്ചെടുത്തത്. ബാറ്റിംഗില്‍ സ്റ്റോയ്‌നിസും മാര്‍ഷുമൊന്നും ഇല്ലാതിരുന്നിട്ട് കൂടി പൊരുതാന്‍ തന്നെയായിരുന്നു ഓസ്‌ട്രേലിയയുടെ തീരുമാനം. എന്നാല്‍ ടീമിലെ പ്രധാനബാറ്റര്‍മാരായ ട്രാവിസ് ഹെഡിനെയും സ്റ്റീവ് സ്മിത്തിനെയും പുറത്താക്കികൊണ്ട് തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ഞെട്ടിച്ചുകളഞ്ഞു, എന്നാല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ എങ്ങനെ നന്നായി കളിക്കണമെന്ന് ഓസ്‌ട്രേലിയയെ ആരും പറഞ്ഞ് മനസിലാക്കേണ്ടല്ലോ.
 
 കൃത്യസമയത്ത് തന്നെ രക്ഷകരും ആ ടീമില്‍ അവതരിക്കാറുണ്ട്. ഇത്തവണയും അത് തന്നെ സംഭവിച്ചു. മാത്യൂ ഷോര്‍ട്ടിനെ കൂട്ട് പിടിച്ച് അലകസ് ക്യാരിയും പിന്നീട് ജോഷ് ഇംഗ്ലീഷും ആടിതകര്‍ത്തതോടെ 352 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം 47. 3 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് ഓസ്‌ട്രേലിയ മറികടന്നത്. ജോഷ് ഇംഗ്ലീഷ് 86 പന്തില്‍ 120 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ അലക്‌സ് ക്യാരി(63 പന്തില്‍ 69), മാത്യു ഷോര്‍ട്ട്(66 പന്തില്‍ 63 ) എന്നിവര്‍ മികച്ച പിന്തുണയാണ് നല്‍കിയത്.
 
 നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി 143 പന്തില്‍ 163 റണ്‍സ് നേടിയ ഓപ്പണര്‍ ബെന്‍ ഡെക്ക്കറ്റും 68 റണ്‍സുമായി ജോ റൂട്ടും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഓസ്‌ട്രേലിയയ്ക്കായി ബെന്‍ ഡ്വാര്‍സിസ് 3 വിക്കറ്റും ആഡം സാമ്പ, മര്‍നസ് ലബുഷെയ്ന്‍ എന്നിവര്‍ 2 വിക്കറ്റ് വീതവും വീഴ്ത്തി. വിജയത്തോടെ സെമി സാധ്യതകള്‍ സജീവമാക്കാനും ഓസ്‌ട്രേലിയക്കായി. ഗ്രൂപ്പില്‍ അഫ്ഗാനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയുമാണ് ഓസ്‌ട്രേലിയയുടെ അടുത്ത മത്സരങ്ങള്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍