Ajinkya Rahane: കൊല്‍ക്കത്തനെ നയിക്കുക 37 കാരന്‍ രഹാനെ !

രേണുക വേണു

ശനി, 15 ഫെബ്രുവരി 2025 (11:14 IST)
Ajinkya Rahane: ഐപിഎല്‍ 2025 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മുതിര്‍ന്ന താരം അജിങ്ക്യ രഹാനെ നയിക്കും. രഹാനെയെ നായകനായി കൊല്‍ക്കത്ത ഫ്രൊഞ്ചൈസി തീരുമാനിച്ചെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഫോമാണ് രഹാനെയെ നായകനാക്കാന്‍ കൊല്‍ക്കത്തയെ പ്രേരിപ്പിച്ചത്. 
 
സയദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈ കിരീടം ചൂടിയപ്പോള്‍ എട്ട് ഇന്നിങ്‌സുകളില്‍ നിന്ന് 469 റണ്‍സെടുത്ത് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ആയത് രഹാനെയാണ്. രഞ്ജി ട്രോഫിയില്‍ രഹാനെ നയിക്കുന്ന മുംബൈ ടീം സെമി ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹരിയാനയ്‌ക്കെതിരെ മുംബൈ നായകന്‍ സെഞ്ചുറി നേടുകയും ചെയ്തു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് രഹാനെയ്ക്ക് 37-ാം വയസ്സിലും നായകസ്ഥാനം നല്‍കാന്‍ കൊല്‍ക്കത്ത തീരുമാനിച്ചത്. 
 
ചെന്നൈ സൂപ്പര്‍ കിങ്സ് താരമായിരുന്ന രഹാനെയെ 1.5 കോടി രൂപയ്ക്കാണ് ഇത്തവണ താരലേലത്തില്‍ കൊല്‍ക്കത്ത സ്വന്തമാക്കിയത്. നായകനാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊല്‍ക്കത്ത രഹാനെയെ വിളിച്ചെടുത്തതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുന്‍പ് ഇന്ത്യന്‍ ടീമിനെ നയിച്ചിട്ടുള്ള പരിചയസമ്പത്തും രഹാനെയ്ക്കുണ്ട്. 2017 മുതല്‍ 2019 വരെയുള്ള കാലയളവില്‍ രാജസ്ഥാന്‍ റോയല്‍സ്, പൂണെ സൂപ്പര്‍ ജയന്റ്സ് എന്നീ ടീമുകളെ രഹാനെ ഐപിഎല്ലില്‍ നയിച്ചിട്ടുണ്ട്. ക്യാപ്റ്റനായ 25 മത്സരങ്ങളില്‍ ഒന്‍പത് ജയവും 16 തോല്‍വിയുമാണ് രഹാനെയുടെ അക്കൗണ്ടില്‍ ഉള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍