India vs England, Oval Test: ഓവല്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ജയം. നാല് വിക്കറ്റ് ശേഷിക്കെ 35 റണ്‍സെടുക്കാന്‍ ഇറങ്ങിയ ഇംഗ്ലണ്ടിനു മുഹമ്മദ് സിറാജിനു മുന്നില്‍ ഉത്തരം കിട്ടാതെ പകച്ചുനില്‍ക്കേണ്ടി വന്നു. ആറ് റണ്‍സിനാണ് ഇന്ത്യയുടെ ജയം.
374 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് 339/6 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇംഗ്ലണ്ടിനു 28 റണ്‍സെടുക്കുന്നതിനിടെ ശേഷിക്കുന്ന നാല് വിക്കറ്റുകളും നഷ്ടമായി. ഗസ് അറ്റ്കിന്‍സന്‍ (29 പന്തില്‍ 17) വാലറ്റത്ത് പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല.
ഇന്നത്തെ നാല് വിക്കറ്റുകളില്‍ മൂന്നും സിറാജിനാണ്. ജാമി സ്മിത്തിനെ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലിന്റെ കൈകളില്‍ എത്തിച്ചാണ് സിറാജ് ഇന്നത്തെ വിക്കറ്റ് വേട്ടയ്ക്കു തുടക്കം കുറിച്ചത്. തൊട്ടുപിന്നാലെ ജാമി ഓവര്‍ടണ്‍ സിറാജിന്റെ ലെഗ് ബൈ വിക്കറ്റ് കുരുക്കില്‍ വീണു. ജോഷ് ടംഗിനെ പ്രസിദ്ധ് കൃഷ്ണ ബൗള്‍ഡ് ആക്കി. വെല്ലുവിളി ഉയര്‍ത്തിയ അറ്റ്കിന്‍സണെ തന്റെ 31-ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ബൗള്‍ഡ് ആക്കി സിറാജ് അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. ആദ്യ ഇന്നിങ്‌സില്‍ സിറാജിനു നാല് വിക്കറ്റുണ്ട്.
ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2 എന്ന നിലയില്‍ പിരിഞ്ഞു.