നാല് മത്സരങ്ങള്‍ കൂടിയാണ് ഈ സീസണില്‍ രാജസ്ഥാനു ശേഷിക്കുന്നത്. ഇതില്‍ ഒന്നിലും സഞ്ജുവിനു ഇറങ്ങാന്‍ സാധിക്കില്ല. സഞ്ജുവിന്റെ ആരോഗ്യസ്ഥിതി കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും ദിവസേനയുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ കൂടുതല്‍ എന്തെങ്കിലും പറയാന്‍ സാധിക്കൂവെന്നും രാജസ്ഥാന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി.
സഞ്ജുവിനെ തിരക്കിട്ട് പ്ലേയിങ് ഇലവനില്‍ കൊണ്ടുവരേണ്ട എന്ന നിലപാടിലാണ് രാജസ്ഥാന്‍ മാനേജ്‌മെന്റ്. ഏപ്രില്‍ 16 നു ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനിടെയാണ് സഞ്ജുവിന്റെ വാരിയെല്ലിനു പരുക്കേറ്റത്. സഞ്ജുവില്ലാതെ കളിച്ച മൂന്ന് മത്സരങ്ങളില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മാത്രമാണ് രാജസ്ഥാന്‍ ജയിച്ചത്. ബാക്കി രണ്ടിലും തോറ്റു.
സഞ്ജുവിന്റെ അഭാവത്തില്‍ യുവതാരം വൈഭവ് സൂര്യവന്‍ശി പ്ലേയിങ് ഇലവനില്‍ തുടരും. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ വൈഭവ് സെഞ്ചുറി നേടിയിരുന്നു. പത്ത് കളികളില്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് ജയത്തോടെ ആറ് പോയിന്റുമായി എട്ടാം സ്ഥാനത്താണ് രാജസ്ഥാന്‍. ശേഷിക്കുന്ന നാല് മത്സരങ്ങളും ജയിച്ചാല്‍ പോലും രാജസ്ഥാന്‍ പ്ലേ ഓഫില്‍ കയറാന്‍ സാധ്യത കുറവാണ്.