ഐസിസി ടി20 ലോകകപ്പില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച് 'പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്' പുരസ്‌കാരം നേടിയ ഇന്ത്യന്‍ താരം സഞ്ജു സാംസണിനെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ലോകകപ്പില്‍ സാംസണ്‍ പുറത്തെടുത്ത പ്രകടനത്തെ പ്രശംസിച്ച് ഇന്‍സ്റ്റഗ്രാമിലാണ് കോലി പോസ്റ്റ് ചെയ്തത്. ഏറ്റവും പ്രധാനപ്പെട്ട സമയത്ത് നിങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു, നിങ്ങളെ ഓര്‍ത്ത് വലിയ സന്തോഷം ചേട്ടാ.. കോലി കുറിച്ചു.
ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമായിരുന്നു സഞ്ജു സാംസണ്‍. ടൂര്‍ണമെന്റിലുടനീളം സ്ഥിരതയാര്‍ന്ന ബാറ്റിംഗാണ് സഞ്ജു പുറത്തെടുത്തത്. ടൂര്‍ണമെന്റില്‍ അഞ്ച് ഇന്നിംഗ്‌സുകളില്‍ നിന്നാണ് സഞ്ജു 321 റണ്‍സ് അടിച്ചെടുത്തത്. 80.25 ശരാശരിയിലും 199.37 സ്‌ട്രൈക്ക്‌റേറ്റിലുമാണ് സഞ്ജുവിന്റെ പ്രകടനം. വിരാട് കോലി(2014,2016), ജസ്പ്രീത് ബുമ്ര(2024) എന്നിവര്‍ക്ക് ശേഷം ഈ ബഹുമതി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി സഞ്ജു മാറി. ഫൈനല്‍ മത്സരത്തില്‍ 46 പന്തില്‍ 89 റണ്‍സാണ് സഞ്ജു നേടിയത്.
ടൂര്‍ണമെന്റിന്റെ ആദ്യഘട്ടത്തില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിന്റെ ബെഞ്ചിലായിരുന്നു സഞ്ജു. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ നേരിട്ട കനത്ത തോല്‍വിക്ക് ശേഷമാണ് സഞ്ജു ശക്തമായ തിരിച്ചുവരവ് നടത്തിയത്. വെസ്റ്റിന്ദീസിനെതിരെ പുറത്താകാതെ നേടിയ 97 റണ്‍സ് പ്രകടനത്തിന് പിന്നാലെ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 89 റണ്‍സുമായി സഞ്ജു തിളങ്ങിയിരുന്നു. ഒരേ ലോകകപ്പ് എഡിഷനില്‍ സെമിഫൈനലിലും ഫൈനലിലും 50+ നേടുന്ന മൂന്നാമത്തെ മാത്രം ബാറ്ററെന്ന റെക്കോര്‍ഡും സഞ്ജു സ്വന്തമാക്കി.