Vaibhav Suryavanshi: വൈഭവ് ഭാവിയാണ്, ഒരു കണ്ണ് എപ്പോഴും ഉണ്ടാകും; 14 കാരനെ 'കാര്യത്തിലെടുത്ത്' ബിസിസിഐ

രേണുക വേണു

ബുധന്‍, 30 ഏപ്രില്‍ 2025 (12:53 IST)
Vaibhav Suryavanshi: ഐപിഎല്ലില്‍ മികച്ച ഫോമില്‍ തുടരുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ 'അത്ഭുത ബാലന്‍' വൈഭവ് സൂര്യവന്‍ശിയെ ഭാവിയിലേക്കുള്ള താരമായി കണ്ട് ബിസിസിഐ. വൈഭവിന്റെ ക്രിക്കറ്റ് കരിയറില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് ബിസിസിഐ തീരുമാനം. 
 
14 വയസ് പ്രായമുള്ള വൈഭവിന് ഐപിഎല്ലിനു ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചേക്കും. മികവുറ്റ പരിശീലകരുടെ സഹായത്താല്‍ വൈഭവിനു ചിട്ടയായ പരിശീലനം നല്‍കും. പണവും പ്രശസ്തിയും ആകുമ്പോള്‍ കരിയറില്‍ താളപ്പിഴകള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ബിസിസിഐയുടെ മേല്‍നോട്ടത്തിലാകും വൈഭവ് ഇനി മുന്നോട്ടു പോകുക. 
 
സാമ്പത്തിക അച്ചടക്കം മുതല്‍ സ്വഭാവ രൂപീകരണം വരെയുള്ള കാര്യങ്ങളില്‍ രാജസ്ഥാന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ വൈഭവിനു പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. ഐപിഎല്‍ കഴിഞ്ഞാലും വൈഭവിനു കൃത്യമായ പരിശീലനവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കാന്‍ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഐപിഎലിനു ശേഷം വൈഭവിനെ ബിസിസിഐയുടെ സെന്റര്‍ ഫോര്‍ എക്‌സലന്‍സിലേക്കു മാറ്റും. തുടര്‍ന്നുള്ള പഠനവും പരിശീലനവും അവിടെയായിരിക്കും.
 
ഈ സീസണില്‍ രാജസ്ഥാനു വേണ്ടി മൂന്ന് കളികളാണ് വൈഭവ് കളിച്ചത്. 50.33 ശരാശരിയില്‍ 151 റണ്‍സ് താരം നേടി. 215.71 ആണ് സ്ട്രൈക് റേറ്റ്. എറിയുന്ന ബൗളറെയോ കളിക്കുന്ന പിച്ചോ നോക്കിയല്ല വൈഭവിന്റെ ആക്രമണം. ആര് എറിഞ്ഞാലും അടിച്ചു പറത്താനുള്ള ലൈസന്‍സുമായാണ് രാജസ്ഥാന്‍ മാനേജ്മെന്റ് ഈ പതിനാലുകാരനെ ഇറക്കി വിട്ടിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍