Sanju Samson : ലോകകപ്പിന്റെ 9,1 'സിക്‌സ്' താരം, ഒരു ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സ്, സഞ്ജു തന്നെ
അഹമ്മദാബാദ്: ടി20 ലോകകപ്പ് ചരിത്രത്തില്‍ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന അപൂര്‍വ റെക്കോഡ് സ്വന്തമാക്കി കേരളത്തിന്റെ സഞ്ജു സാംസണ്‍. ലോകകപ്പില്‍ അഞ്ച് മത്സരങ്ങള്‍ മാത്രം കളിച്ച സഞ്ജു 24 സിക്‌സറുകളാണ് നേടിയത്. ടി20 ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ഒരു താരവും ഒരു പതിപ്പില്‍ ഇത്രയും സിക്‌സുകള്‍ നേടിയിട്ടില്ല.
ന്യൂസിലന്‍ഡിന്റെ ഫിന്‍ അലന്‍ 20 സിക്‌സറുകളുമായി രണ്ടാം സ്ഥാനത്തും, വെസ്റ്റ് ഇന്‍ഡീസിന്റെ ഷിംറോണ്‍ ഹെറ്റ്മെയര്‍ 19 സിക്‌സറുകളുമായി മൂന്നാം സ്ഥാനത്തുമാണ്. ക്രിസ് ഗെയ്ല്‍, നിക്കോളാസ് പൂരന്‍, രോഹിത് ശര്‍മ തുടങ്ങിയ വമ്പന്മാരെല്ലാം സഞ്ജുവിന് പിന്നിലാണ്. സിക്‌സര്‍ റെക്കോഡ് മാത്രമല്ല, ഒരു ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡും സഞ്ജു സ്വന്തമാക്കി. 2014-ല്‍ വിരാട് കോലി നേടിയ 319 റണ്‍സിന്റെ 12 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് സഞ്ജു തകര്‍ത്തത്.
ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ 46 പന്തില്‍ 89 റണ്‍സ് നേടിയതോടെ സഞ്ജുവിന്റെ ടൂര്‍ണമെന്റിലെ ആകെ റണ്‍നേട്ടം 321 റണ്‍സായി. 80.25 ശരാശരിയും 199.37 സ്‌ട്രൈക്ക് റേറ്റും ഈ ടൂര്‍ണമെന്റില്‍ സഞ്ജുവിനുണ്ട്. മൂന്ന് അര്‍ധ സെഞ്ചുറികളും താരം നേടി. ഒന്‍പത് മത്സരങ്ങളില്‍ 317 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍ ഇന്ത്യക്കാരില്‍ രണ്ടാം സ്ഥാനത്തും, 242 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്തുമാണ്.
വെസ്റ്റിന്‍ഡീസിനെതിരെ തോല്‍വി സംഭവിച്ചാല്‍ പുറത്താകുമെന്ന ഘട്ടത്തില്‍ നിന്നിരുന്ന ഇന്ത്യയെ സഞ്ജുവിന്റെ 97* റണ്‍സ് പ്രകടനമാണ് ടൂര്‍ണമെന്റില്‍ നിലനിര്‍ത്തിയത്. സെമിയില്‍ ഇംഗ്ലണ്ടിനെതിരെയും ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെയും 89 റണ്‍സ് പ്രകടനം നടത്തിയ സഞ്ജു ഇന്ത്യന്‍ ടീമിലെ ഏറ്റവും നിര്‍ണായകമായ സാന്നിധ്യമായി മാറിയിരുന്നു. ഫൈനല്‍ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടാനായില്ലെങ്കിലും ഇന്ത്യന്‍ ബാറ്റിംഗിന്റെ നട്ടെല്ലായി മാറാന്‍ സഞ്ജുവിന് സാധിച്ചിരുന്നു.