ഐപിഎല്ലിലെ ഒറ്റക്കളിയില്‍ നിന്ന് നാല് റെക്കോര്‍ഡുകള്‍ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ രോഹിത് ശര്‍മ. ഡല്‍ഹിക്കെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ തന്നെ ടി20 യില്‍ 250 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് രോഹിത് സ്വന്തമാക്കി. ഐപിഎല്ലില്‍ 100 ക്യാച്ചുകള്‍ നേടുന്ന നാലാമത്തെ താരമെന്ന റെക്കോര്‍ഡും മത്സരത്തില്‍ രോഹിത് സ്വന്തമാക്കി. 103 ക്യാച്ചുള്ള കറന്‍ പൊള്ളാര്‍ഡ്, 109 ക്യാച്ചുള്ള സുരേഷ് റെയ്‌ന, 110 ക്യാച്ചുകളുള്ള വിരാട് കോലി എന്നിവരാണ് രോഹിത്തിന് മുന്നിലുള്ളത്.
ഡല്‍ഹിക്കെതിരായ മത്സരത്തില്‍ 27 പന്തില്‍ നിന്നും 6 ബൗണ്ടറികളും 3 സിക്‌സും സഹിതം 49 റണ്‍സാണ് രോഹിത് സ്വന്തമാക്കി. ഈ പ്രകടനത്തോടെ ഡല്‍ഹിക്കെതിരെ മാത്രം 1000 റണ്‍സ് നേടാന്‍ രോഹിത്തിനായി. ഐപിഎല്ലില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ സിക്‌സുകളെന്ന റെക്കോര്‍ഡും രോഹിത് സ്വന്തമാക്കി. മത്സരത്തില്‍ മുംബൈ ഉയര്‍ത്തിയ 235 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് സ്വന്തമാക്കിയത്. 25 പന്തില്‍ നിന്നും 71 റണ്‍സുമായി തകര്‍ത്തടിച്ച ട്രെസ്റ്റന്‍ സ്റ്റമ്പ്‌സും 40 പന്തില്‍ 60 റണ്‍സടിച്ച പൃഥ്വി ഷായുമാണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്. മുംബൈയ്ക്കായി ജെറാള്‍ഡ് കൂറ്റ്‌സെ നാലും ജസ്പ്രീത് ബുമ്ര രണ്ടും വിക്കറ്റുകളെടുത്തു. സീസണിലെ മുംബൈയുടെ ആദ്യ വിജയമാണിത്. വിജയത്തോടെ ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി 150 മത്സരങ്ങള്‍ വിജയിക്കുന്ന ടീമെന്ന നേട്ടം മുംബൈ സ്വന്തമാക്കി.