ഐപിഎൽ തുടങ്ങിയിട്ട് 17 വർഷം, ഇപ്പോഴും ആദ്യ സീസണിൽ ആൽബി മോർക്കൽ നേടിയ സിക്സിനെ വെല്ലാൻ ആളില്ല!

അഭിറാം മനോഹർ

വ്യാഴം, 4 ഏപ്രില്‍ 2024 (10:23 IST)
Albie Morkal
ഐപിഎല്‍ ടൂര്‍ണമെന്റ് ആരംഭിച്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പല റെക്കോര്‍ഡുകളും ഇനിയൊരിക്കലും തകര്‍ക്കപ്പെടില്ലെന്ന് കരുതിയിട്ടുള്ളതാണ്. വിരാട് കോലിയുടെ ഒരു സീസണിലെ 973 റണ്‍സും, ആര്‍സിബിയുടെ ഉയര്‍ന്ന ടീം സ്‌കോറുമെല്ലാം അത്തരം റെക്കോര്‍ഡുകളാണ്. എന്നാല്‍ ഈ സീസണില്‍ 277 റണ്‍സ് നേടികൊണ്ട് ഉയര്‍ന്ന ടീം സ്‌കോര്‍ എന്ന നേട്ടം ആര്‍സിബിയില്‍ നിന്നും ഹൈദരാബാദ് സ്വന്തമാക്കി. എന്നാല്‍ പതിനേഴ് സീസണുകളോളമായിട്ടും 2008ലെ ആദ്യ ഐപിഎല്ലില്‍ ആല്‍ബി മോര്‍ക്കല്‍ നേടിയ സിക്‌സിനെ വെല്ലുന്ന ഒരു സിക്‌സ് സ്വന്തമാക്കാന്‍ ഒരു കളിക്കാരനും സാധിച്ചിട്ടില്ല.
 
2008ലെ ആദ്യ ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായിരുന്ന ആല്‍ബി മോര്‍ക്കല്‍ ഡെക്കാന്‍ ചാര്‍ജെഴ്‌സിന്റെ പ്രഖ്യാന്‍ ഓജയ്‌ക്കെതിരെ 125 മീറ്റര്‍ സിക്‌സാണ് നേടിയത്. കാലമിത്രയായിട്ടും ഈ റെക്കോര്‍ഡ് നേട്ടം മറികടക്കാന്‍ ഒരു വമ്പനടിക്കാരനും സാധിച്ചിട്ടില്ല. ആര്‍സിബി താരമായിരുന്ന ഇന്ത്യന്‍ ബൗളറായ പ്രവീണ്‍ കുമാര്‍ തന്നെ സീസണില്‍ 124 മീറ്റര്‍ ദൂരമുള്ള സിക്‌സ് നേടി മോര്‍ക്കലിന് വെല്ലുവിളി സൃഷ്ടിച്ചിരുന്നു.
 
എന്നാല്‍ മോര്‍ക്കലിന്റെ സിക്‌സിനടുത്ത് നില്‍ക്കുന്ന മറ്റൊരു സിക്‌സ് പിറക്കുന്നത് 3 വര്‍ഷങ്ങള്‍ക്ക് ശേഷം 2011ലാണ്. അന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ആര്‍സിബി മത്സരത്തില്‍ പഞ്ചാബ് താരമായ ആദം ഗില്‍ക്രിസ്റ്റ് പറത്തിയത് 122 മീറ്റര്‍ സിക്‌സായിരുന്നു. 2010ല്‍ മുംബൈക്കെതിരെ ആര്‍സിബി താരമായിരുന്ന റോബിന്‍ ഉത്തപ്പ പറത്തിയ 120 മീറ്റര്‍ സിക്‌സാണ് ലിസ്റ്റില്‍ നാലാമതുള്ളത്. 119 മീറ്റര്‍ സിക്‌സ് പറത്തിയ ആര്‍സിബി താരമായ ക്രിസ് ഗെയ്‌ലാണ് വമ്പന്‍ സിക്‌സുകളുടെ പട്ടികയില്‍ അഞ്ചാമതുള്ള താരം.
 
രോഹിത് ശര്‍മയും കെ എല്‍ രാഹുലും ക്ലാസനും സഞ്ജു സാംസണും നിക്കോളാസ് പുറാനും അടക്കമുള്ള സിക്‌സുകള്‍ നേടുന്നതില്‍ പ്രസിദ്ധരായ താരങ്ങളില്‍ ഒരാള്‍ പോലും ഐപിഎല്ലിലെ ഏറ്റവും ദൂരം കൂടിയ സിക്‌സ് നേടിയ അഞ്ചു താരങ്ങളുടെ പട്ടികയിലില്ല എന്നത് ശ്രദ്ധേയമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍