IPL 2024: പരാഗിനെ വെട്ടി കോലി, വെല്ലുവിളിയായി ക്ലാസൻ, ഐപിഎൽ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടം ചൂടുപിടിക്കുന്നു

അഭിറാം മനോഹർ

ബുധന്‍, 3 ഏപ്രില്‍ 2024 (17:17 IST)
IPL,Orange Cap
ലഖ്‌നൗവിനെതിരായ കഴിഞ്ഞ മത്സരത്തിലെ 22 റണ്‍സ് പ്രകടനത്തോടെ ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പിനായുള്ള മത്സരത്തില്‍ രാജസ്ഥാന്‍ താരം റിയാന്‍ പരാഗിനെ പിന്തള്ളി ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി. ഇന്ത്യന്‍ താരങ്ങളായ വിരാട് കോലിയ്ക്കും റിയാന്‍ പരാഗിനും പുറമെ ആദ്യ 5 ലിസ്റ്റിലെ മറ്റ് 3 പേരും വിദേശ താരങ്ങളാണ്. ഇതില്‍ തന്നെ ഹൈദരാബാദ് താരമായ ഹെന്റിച് ക്ലാസനാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രധാന വെല്ലുവിളി ഉയര്‍ത്തുന്നത്.
 
4 മത്സരങ്ങളില്‍ നിന്നും 67.67 റണ്‍സ് ശരാശരിയില്‍ 203 റണ്‍സാണ് കോലി ഇതുവരെ സ്വന്തമാക്കിയത്. 2 അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പടെയാണ് ഈ നേട്ടം. 17 ഫോറും 8 സിക്‌സുകളും കോലി ഇതിനകം തന്നെ സ്വന്തമാക്കി. 3 മത്സരങ്ങളില്‍ നിന്നും 181 റണ്‍സ് ശരാശരിയില്‍ 181 റണ്‍സാണ് രാജസ്ഥാന്‍ താരമായ റിയാന്‍ പരാഗ് സ്വന്തമാക്കിയത്. ഒരു തവണ മാത്രമാണ് ഐപിഎല്ലില്‍ പരാഗ് പുറത്തായത്. ഇതിനകം 2 അര്‍ധസെഞ്ചുറി നെടിയ പരാഗ് 13 ഫോറും 12 സിക്‌സറുകളും ഐപിഎല്ലില്‍ നേടികഴിഞ്ഞു.
 
3 മത്സരങ്ങളില്‍ നിന്നും 167 റണ്‍സാണ് ഹെന്റിച്ച് ക്ലാസന്‍ ഇതുവരെ നേടിയത്. 83 റണ്‍സ് ശരാശരിയിലാണ് ക്ലാസന്റെ പ്രകടനം. 2 അര്‍ധസെഞ്ചുറികള്‍ നേടിയ ക്ലാസന്‍ 5 ബൗണ്ടറികളും 17 സിക്‌സുമാണ് ഇതുവരെ ഐപിഎല്ലില്‍ നേടിയത്. പട്ടികയില്‍ നാലാമതുള്ള എല്‍എസ്ജി താരമായ ക്വിന്റണ്‍ ഡികോക്ക് 3 മത്സരങ്ങളില്‍ നിന്നും 46.33 റണ്‍സ് ശരാരിയില്‍ 139 റണ്‍സാണ് നേടിയിട്ടുള്ളത്. 3 മത്സരങ്ങളില്‍ നിന്നും 137 റണ്‍സുമായി എല്‍എസ്ജി താരമായ നിക്കോളാസ് പൂറാനാണ് പട്ടികയില്‍ അഞ്ചാമതുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍