ഐപിഎല്ലിലെ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരുടെ ഓള്‍റൗണ്ടര്‍ പ്രകടനങ്ങളില്‍ നിരാശരായി ആരാധകര്‍. ട്വന്റി 20 ലോകകപ്പിനുള്ള ടീം പ്രഖ്യാപിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇരുവരും തങ്ങളുടെ ഫോം വീണ്ടെടുക്കാത്തത് ഇന്ത്യക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ബാറ്റിങ്ങിലാണ് ഇരുവരും പൂര്‍ണമായി നിറം മങ്ങിയിരിക്കുന്നത്. ജഡേജയേയും പാണ്ഡ്യയേയും കൊണ്ട് ലോകകപ്പ് കളിക്കാന്‍ പോയാല്‍ ഇന്ത്യ സെമിയില്‍ പോലും എത്തില്ലെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു.
ഈ സീസണില്‍ നാല് മത്സരങ്ങള്‍ കഴിയുമ്പോള്‍ 108 റണ്‍സ് മാത്രമാണ് ഹാര്‍ദിക് നേടിയിരിക്കുന്നത്. 39 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 138.46 ആണ് സ്ട്രൈക്ക് റേറ്റ്. ഫുള്‍ ടോസുകള്‍ പോലും കൃത്യമായി ബൗണ്ടറിയാക്കാന്‍ ഹാര്‍ദിക് പാടുപെടുന്നുണ്ട്. മികച്ച തുടക്കം ലഭിച്ചാലും മധ്യനിരയില്‍ വന്ന് ബോളുകള്‍ പാഴാക്കുകയാണ് ഹാര്‍ദിക് ചെയ്യുന്നതെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. ബൗളിങ്ങിലും ഹാര്‍ദിക് നിരാശപ്പെടുത്തുകയാണ്. നാല് കളികളിലായി 42 പന്തുകളില്‍ നിന്ന് ഹാര്‍ദിക് വിട്ടുകൊടുത്തത് 76 റണ്‍സാണ്. ആകെ നേടിയത് ഒരു വിക്കറ്റ് മാത്രം. ബാറ്റിങ്ങിലും ബൗളിങ്ങിലും നിരാശപ്പെടുത്തുന്ന ഹാര്‍ദിക്കിനെ പ്രധാന ഓള്‍റൗണ്ടര്‍ ആയി ലോകകപ്പ് കളിച്ചാല്‍ എന്താകും അവസ്ഥയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ജഡേജയുടെ കാര്യവും വ്യത്യസ്തമല്ല. നാല് കളികളില്‍ നിന്ന് 140 സ്‌ട്രൈക്ക് റേറ്റില്‍ ഇതുവരെ നേടിയത് 84 റണ്‍സ് മാത്രം. പുറത്താകാതെ നേടിയ 31 ആണ് ഉയര്‍ന്ന സ്‌കോര്‍. ബൗളിങ്ങില്‍ ആകട്ടെ 84 പന്തുകളില്‍ നിന്ന് 109 റണ്‍സാണ് നാല് കളികളിലായി വിട്ടുകൊടുത്തത്. ഹാര്‍ദിക്കിനെ പോലെ ഒരു വിക്കറ്റ് മാത്രമാണ് ജഡേജയ്ക്ക് ഈ സീസണില്‍ ഉള്ളത്.