Rohit Sharma: മുംബൈ ഇന്ത്യന്‍സിനു ബാധ്യതയാകുന്ന രോഹിത് ശര്‍മ ഐപിഎല്‍ കരിയര്‍ ഉടന്‍ അവസാനിപ്പിക്കുമോ? രാജ്യാന്തര ട്വന്റി 20 യില്‍ നിന്ന് നേരത്തെ വിരമിച്ച രോഹിത് ഐപിഎല്‍ കരിയറിനും ഫുള്‍സ്റ്റോപ്പ് ഇടാന്‍ നിര്‍ബന്ധിതനാകുകയാണ്. ഈ സീസണില്‍ മുംബൈയ്ക്കു വേണ്ടി അത്ര മോശം പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്.
ഈ സീസണില്‍ ഇതുവരെ കളിച്ച നാല് മത്സരങ്ങളില്‍ നിന്ന് 0, 8, 13, 17 എന്നിങ്ങനെയാണ് രോഹിത് ശര്‍മയുടെ സ്‌കോറുകള്‍. നാല് കളികളില്‍ നിന്ന് 9.50 ശരാശരിയില്‍ വെറും 38 റണ്‍സ് മാത്രം. രോഹിത്തിന്റെ വിക്കറ്റ് പവര്‍പ്ലേയില്‍ തന്നെ നഷ്ടപ്പെടുന്നത് മുംബൈയുടെ മറ്റു ബാറ്റര്‍മാര്‍ക്കുമേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു.
കഴിഞ്ഞ മൂന്ന് സീസണുകള്‍ നോക്കിയാല്‍ രോഹിത് ഒരു സീസണില്‍ മാത്രമാണ് 400 റണ്‍സില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്. 2022 ല്‍ 14 കളികളില്‍ നിന്ന് 268 റണ്‍സും 2023 ല്‍ 16 കളികളില്‍ നിന്ന് 332 റണ്‍സുമാണ് രോഹിത്തിന്റെ സമ്പാദ്യം. 2024 ല്‍ 14 കളികളില്‍ നിന്ന് 417 റണ്‍സെടുത്ത് നില മെച്ചപ്പെടുത്തി. കഴിഞ്ഞ സീസണുകള്‍ പരിശോധിച്ചാല്‍ പോലും ടീമിനായി അത്ര വലിയ 'ഇംപാക്ട്' ഉണ്ടാക്കാന്‍ രോഹിത്തിനു സാധിച്ചിട്ടില്ല. നിലവിലെ ഫോം ഔട്ട് തുടര്‍ന്നാല്‍ ഒരുപക്ഷേ രോഹിത്തിന്റെ അവസാന ഐപിഎല്‍ സീസണ്‍ ആയിരിക്കും ഇത്.
2011 ലാണ് രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായത്. 2025 ലെ മെഗാ താരലേലത്തിനു മുന്‍പ് 16.30 കോടിക്ക് രോഹിത്തിനെ നിലനിര്‍ത്താന്‍ മുംബൈ തീരുമാനിക്കുകയും ചെയ്തു. രോഹിത്തിന്റെ നിലവിലെ ബാറ്റിങ് പ്രകടനം കാണുമ്പോള്‍ 16 കോടിക്ക് നിലനിര്‍ത്തേണ്ടിയിരുന്ന താരമായിരുന്നോ എന്നതാണ് മുംബൈ ആരാധകര്‍ അടക്കം ചോദിക്കുന്നത്.