ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ സൂപ്പര്‍ ഓവറിലേറ്റ പരാജയത്തിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പില്‍ കാര്യങ്ങള്‍ അത്ര വെടിപ്പല്ലെന്ന് സൂചനകള്‍. മത്സരത്തിനിടെ രാജസ്ഥാന്‍ നായകനായ സഞ്ജു സാംസണ് പരിക്കേറ്റ് മടങ്ങിയിരുന്നു. നിശ്ചിത ഓവറില്‍ മത്സരം സമനിലയിലായതോടെ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് റിയാന്‍ പരാഗും ഷിമ്രോണ്‍ ഹെറ്റ്‌മെയറുമായിരുന്നു രാജസ്ഥാനായി ബാറ്റ് ചെയ്യാനെത്തിയത്. മികച്ച ഫോമില്‍ നില്‍ക്കുന്ന യശ്വസി ജയ്‌സ്വാള്‍, നിതീഷ് റാണ എന്നിവര്‍ക്ക് അവസരം നല്‍കാതെയായിരുന്നു ഈ നീക്കം.
മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുമ്പോള്‍ ഡഗൗട്ടില്‍ ചൂടന്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ രാജസ്ഥാന്‍ നായകനായ സഞ്ജു സാംസണ്‍ ഇതിലൊന്നും തന്നെ പങ്കെടുത്തിരുന്നില്ല. ചര്‍ച്ചയ്ക്കായി സഞ്ജുവിനെ ക്ഷണിക്കുമ്പോള്‍ താന്‍ ഇല്ലെന്ന രീതിയില്‍ മാറിനില്‍ക്കുകയാണ് സഞ്ജു ചെയ്തത്. ഈ വീഡിയോ പുറത്തുവന്നതോടെയാണ് രാജസ്ഥാന്‍ ക്യാമ്പില്‍ കോച്ചും നായകനും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന സൂചനകള്‍ ലഭിചിരിക്കുന്നത്.
ടീം നായകന് ടീമിന്റെ പ്രധാന തീരുമാനങ്ങളില്‍ ഭാഗമാവാന്‍ സാധിക്കുന്നില്ലെങ്കില്‍ സഞ്ജു രാജസ്ഥാനില്‍ നില്‍ക്കുന്നതില്‍ അര്‍ഥമില്ലെന്നാണ് ചിലര്‍ പ്രതികരിക്കുന്നത്. 5 ബൗളര്‍മാരും 5 ബാറ്റര്‍മാരും റിയാന്‍ പരാഗും എന്നതാണ് രാജസ്ഥാന്‍ ടീമെന്ന വിമര്‍ശനങ്ങള്‍ സത്യമാണെന്നാണ് കഴിഞ്ഞ മത്സരം തെളിയിച്ചതെന്നും ചിലര്‍ പറയുന്നു. അതേസമയം ദ്രാവിഡിന്റെ മണ്ടന്‍ തീരുമാനങ്ങള്‍ രാജസ്ഥാന്റെ പ്രകടനത്തെ കാര്യമായി ബാധിക്കുന്നുവെന്നും ടീമിന്റെ പല കാര്യങ്ങളിലും തീരുമാനമെടുക്കാന്‍ സഞ്ജുവിന് സാധിക്കുന്നില്ലെന്നും പറയുന്നവരും ഏറെയാണ്.