Rishab Pant vs Zaheer Khan: എന്നെ നേരത്തെ ഇറക്കണമെന്ന് പറഞ്ഞതല്ലെ, ബദോനിയെ ഇമ്പാക്ട് സബാക്കിയതില്‍ തര്‍ക്കം?, ഡഗൗട്ടില്‍ മെന്റര്‍ സഹീര്‍ഖാനുമായി തര്‍ക്കിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍

അഭിറാം മനോഹർ

ബുധന്‍, 23 ഏപ്രില്‍ 2025 (12:41 IST)
ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോട് 8 വിക്കറ്റിന് പരാജയപ്പെട്ടതോടെ ലഖ്‌നൗ നായകനായ റിഷഭ് പന്തിനെതിരായ വിമര്‍ശനങ്ങളും കനക്കുകയാണ്. മത്സരത്തില്‍ ടീമിന്റെ നായകനും സ്‌പെഷ്യലിസ്റ്റ് ബാറ്ററുമായി റിഷഭ് പന്ത് ക്രീസിലെത്തിയത് അഞ്ച് വിക്കറ്റുകള്‍ വീണ ശേഷമായിരുന്നു. 2 ബോളുകള്‍ മാത്രം നേരിട്ട പന്ത് റണ്‍സൊന്നും നേടാതെയാണ് മടങ്ങിയത്.
 
 സ്‌പെഷ്യലിസ്റ്റ് ബാറ്ററായിട്ടും പന്തിന് മുന്‍പെ മത്സരത്തിലെ പതിനാലാം ഓവറില്‍ ഇമ്പാക്ട് സബായി യുവതാരമായ ആയുഷ് ബദോനിയെയാണ് ലഖ്‌നൗ ഇറക്കിയത്. എന്നാല്‍ ഈ തീരുമാനത്തില്‍ റിഷഭ് പന്തിന് അതൃപ്തിയുണ്ടായിരുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മത്സരത്തിലെ അവസാന ഓവറില്‍ 2 പന്തുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു പന്ത് ക്രീസിലെത്തിയത്. അവസാന ഓവറില്‍ ഡഗൗട്ടില്‍ വെച്ചാണ് ലഖ്‌നൗ മെന്ററായ സഹീര്‍ഖാനുമായി റിഷഭ് പന്ത് തന്റെ അതൃപ്തി വ്യക്തമാക്കിയത്.
 
 സീസണില്‍ ഇതുവരെയും മികച്ച പ്രകടനങ്ങള്‍ നടത്താനായിട്ടില്ലെങ്കിലും മത്സരത്തിന്റെ പതിനാലാം ഓവറില്‍ റിഷഭ് പന്തായിരുന്നു സ്‌പെഷ്യലിസ്റ്റ് ബാറ്ററെന്ന നിലയില്‍ ക്രീസിലെത്തേണ്ടിയിരുന്നത്. ടീം നായകനും ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ താരമായിരുന്നിട്ടും തനിക്ക് പകരം യുവതാരം ബദോനിയെ ക്രീസിലിറക്കിയതാണ് പന്തിനെ ചൊടുപ്പിച്ചത്. ഈ തീരുമാനത്തോടെ ബൗളിങ്ങില്‍ ഇമ്പാക്ട് സബിനെ ഇറക്കാനുള്ള അവസരവും ലഖ്‌നൗവിന് നഷ്ടമായിരുന്നു.
 
 അതേസമയം ഇമ്പാക്ട് സബായി ഇറങ്ങി 21 പന്തില്‍ 36 റണ്‍സുമായി തിളങ്ങാന്‍ ആയുഷ് ബദോനിക്ക് സാധിച്ചു. എന്നാല്‍ ഇതോടെ മായങ്ക് യാദവിനെ ബൗളിങ്ങില്‍ ഇമ്പാക്ട് സബ് ആകാനുള്ള അവസരവും ലഖ്‌നൗവിന് നഷ്ടമായി. മത്സരത്തിന്റെ അവസാന ഓവറില്‍ ഈ തീരുമാനത്തെ പറ്റിയാകണം പന്തും സഹീറും തമ്മില്‍ തര്‍ക്കിക്കുന്നത് എന്നാണ് കമന്ററിയിലുണ്ടായിരുന്ന അനില്‍ കുംബ്ലെയും സുരേഷ് റെയ്‌നയും അഭിപ്രായപ്പെട്ടത്. അതേസമയം ഫോം വീണ്ടെടുക്കാന്‍ റിഷഭ് പന്തിന് കൂടുതല്‍ പന്തുകള്‍ നേരിടണം എന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ നേരത്തെ ഇറക്കാതിരുന്നത് ശരിയായില്ലെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു. പന്തിനെ പോലൊരു താരത്തെ ഇങ്ങനെയായിരുന്നില്ല കൈകാര്യം ചെയ്യേണ്ടിയിരുന്നതെന്നും ആരാധകര്‍ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍