ഐപിഎല്‍ 15-ാം സീസണിലെ ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് വമ്പന്‍ വിജയം. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെ 61 റണ്‍സിനാണ് രാജസ്ഥാന്‍ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
രാജസ്ഥാന്‍ നായകന്‍ സഞ്ജുവാണ് മാന്‍ ഓഫ് ദ് മാച്ച്. രാജസ്ഥാന് വേണ്ടി വെടിക്കെട്ട് ബാറ്റിങ്ങാണ് സഞ്ജു നടത്തിയത്. 27 പന്തില്‍ അഞ്ച് സിക്‌സും മൂന്ന് ഫോറും സഹിതം 55 റണ്‍സാണ് സഞ്ജു നേടിയത്. ദേവ്ദത്ത് പടിക്കല്‍ 29 പന്തില്‍ നിന്ന് 41 റണ്‍സും ജോസ് ബട്‌ലര്‍ 28 പന്തില്‍ നിന്ന് 35 റണ്‍സും നേടി. ഹെറ്റ്മയര്‍ 13 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 32 റണ്‍സ് നേടി. ഹൈദരബാദിന് വേണ്ടി ടി.നടരാജന്‍, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി.
സണ്‍റൈസേഴ്‌സ് ഹൈദരബാദിന് വേണ്ടി ഏദന്‍ മാര്‍ക്രാം 41 പന്തില്‍ നിന്ന് 57 റണ്‍സും വാഷിങ്ടണ്‍ സുന്ദര്‍ 14 പന്തില്‍ നിന്ന് 40 റണ്‍സും നേടി. മറ്റാര്‍ക്കും ഭേദപ്പെട്ട പ്രകടനം നടത്താന്‍ സാധിച്ചില്ല. യുസ്വേന്ദ്ര ചഹല്‍ മൂന്ന് വിക്കറ്റും ട്രെന്റ് ബോള്‍ട്ട്, പ്രസീത് കൃഷ്ണ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും നേടി രാജസ്ഥാന്റെ വിജയം അനായാസമാക്കി.