World Championship Of Legends: കളിച്ചിരുന്നെങ്കിൽ ഞങ്ങളും പാകിസ്ഥാനെ തകർത്തേനെ,എ ബി ഡിയുടേത് തകർപ്പൻ പ്രകടനമെന്ന് സുരേഷ് റെയ്ന

അഭിറാം മനോഹർ

ഞായര്‍, 3 ഓഗസ്റ്റ് 2025 (16:09 IST)
ലോക ലെജന്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞതിന് പിന്നാലെ മത്സരത്തിലെ എ ബി ഡിവില്ലിയേഴ്‌സിന്റെ പ്രകടനത്തെ പ്രശംസിച്ച് ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. മത്സരത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം 16.5 ഓവറില്‍ വെറും ഒരു വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. മത്സരത്തില്‍ സെഞ്ചുറിയുമായി മികച്ച പ്രകടനമാണ് ഡിവില്ലിയേഴ്‌സ് നടത്തിയത്.
 
മത്സരത്തില്‍ മികച്ച പ്രകടനമാണ് എ ബി ഡിവില്ലിയേഴ്‌സ് കാഴ്ചവെച്ചതെന്ന് സുരേഷ് റെയ്‌ന ട്വിറ്ററില്‍ കുറിച്ചു. കളിച്ചിരുന്നെങ്കില്‍ ഞങ്ങളും അവരെ തകര്‍ത്തെറിയുമായിരുന്നു. എന്നാല്‍ എല്ലാത്തിനും ഉപരിയായി രാഷ്ട്രത്തിനാണ് ഞങ്ങള്‍ പ്രാധാന്യം കല്‍പ്പിച്ചതെന്നും റെയ്‌ന പ്രതികരിച്ചു. വേള്‍ഡ് ചാമ്പ്യന്‍സ് ഓഫ് ലെജന്‍ഡ്‌സില്‍ ഗ്രൂപ്പ് ഘട്ടത്തിലും പാകിസ്ഥാനെതിരെ കളിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. സെമിഫൈനലിലും പാകിസ്ഥാന്‍ എതിരാളികളായി വന്നതോടെ ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്മാറുകയായിരുന്നു.
 
 ഫൈനലില്‍ 60 പന്തുകളില്‍ നിന്ന് 120 റണ്‍സാണ് ഡിവില്ലിയേഴ്‌സ് നേടിയത്. 12 ഫോറും 7 സിക്‌സും ഉള്‍പ്പെടുന്നതാണ് ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്ങ്‌സ്. 47 പന്തുകളില്‍ നിന്നായിരുന്നു താരത്തിന്റെ സെഞ്ചുറി. ടൂര്‍ണമെന്റിലെ ഡിവില്ലിയേഴ്‌സിന്റെ മൂന്നാം സെഞ്ചുറിയാണിത്. നേരത്തെ ഓസ്‌ട്രേലിയക്കെതിരെ 39 പന്തിലും ഇംഗ്ലണ്ടിനെതിരെ 41 പന്തിലും ഡിവില്ലിയേഴ്‌സ് സെഞ്ചുറി നേടിയിരുന്നു. ജെ പി ഡുമിനി മത്സരത്തില്‍ 28 പന്തില്‍ 50 റണ്‍സ് നേടി. 18 റണ്‍സെടുത്ത ഹാഷിം അംലയുടെ വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.
 
 മത്സരത്തില്‍ 44 പന്തില്‍ 76 റണ്‍സുമായി ഷര്‍ജീല്‍ ഖാന്‍, 36 റണ്‍സുമായി ഉമര്‍ അമിന്‍ എന്നിവരാണ് പാക് നിരയില്‍ തിളങ്ങിയത്. ദക്ഷിണാഫ്രിക്കയ്ക്കായി വില്‍ ജോയനും പാര്‍നലും 2 വിക്കറ്റ് വീതം നേടി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍