ഏഷ്യാകപ്പില്‍ നടക്കേണ്ട ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തില്‍ മാറ്റമില്ല. കഴിഞ്ഞ ദിവസമാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മത്സരക്രമം ഔദ്യോഗികമായി പുറത്തുവിട്ടത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായി നില്‍ക്കെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് കളിക്കുന്നതില്‍ പാര്‍ലമെന്റിലടക്കം ഉയര്‍ന്ന വിമര്‍ശനങ്ങള്‍ തള്ളികൊണ്ടാണ് ഏഷ്യാകപ്പില്‍ കളിക്കാനുള്ള ഇന്ത്യന്‍ തീരുമാനം. സെപ്റ്റംബര്‍ 14ന് ദുബായില്‍ വെച്ചാണ് ഇന്ത്യാ- പാക് മത്സരം.
നേരത്തെ ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാകിസ്ഥാനെതിരെ കളിക്കാന്‍ തയ്യാറല്ലെന്ന് കാണിച്ച് താരങ്ങള്‍ രംഗത്ത് വന്നതിനെ തുടര്‍ന്ന് ലെജന്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടത്തില്‍ നിന്നും ഇന്ത്യ പിന്‍മാറിയിരുന്നു. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ ടി20 ഫോര്‍മാറ്റിലാണ് ഇത്തവണ ഏഷ്യാകപ്പ് മത്സരങ്ങള്‍ നടക്കുക. ഇന്ത്യയുള്‍പ്പടെ 8 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. ഇന്ത്യയും പാകിസ്ഥാനും യുഎഇയും ഒമാനുമാണ് ഒരു ഗ്രൂപ്പിലുള്ളത്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഹോങ്കോങ് എന്നീ രാജ്യങ്ങളാണ് രണ്ടാമത്തെ ഗ്രൂപ്പിലുള്ളത്.
ഇരു ഗ്രൂപ്പില്‍ നിന്നും 2 രാജ്യങ്ങള്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും. സൂപ്പര്‍ ഫോറില്‍ ഓരോ ടീമും മറ്റ് 3 രാജ്യങ്ങളുമായി ഓരോ തവണ ഏറ്റുമുട്ടും. ഇതിലെ മികച്ച 2 ടീമുകളാകും ഫൈനല്‍ കളിക്കുക. സൂപ്പര്‍ ഫോറിലേക്കും ഫൈനലിലേക്കും ഇന്ത്യയും പാകിസ്ഥാനും യോഗ്യത നേടിയാല്‍ ഏഷ്യാകപ്പില്‍ മാത്രമായി 3 തവണ ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം നടക്കും.