ഐപിഎല്ലില്‍ രണ്ടാം സ്ഥാനം ഉറപ്പിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഇറങ്ങുന്നു. 19 പോയന്റുകളോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് പോയന്റ് പട്ടികയില്‍ ഒന്നാമതുള്ളത്. 13 കളികളില്‍ 16 പോയന്റുള്ള രാജസ്ഥാന് ഇന്ന് വിജയിക്കാനായാല്‍ 18 പോയന്റുമായി പ്ലേ ഓഫില്‍ രണ്ടാം സ്ഥാനം ഉറപ്പിക്കാനാകും. ആദ്യ 9 കളികളില്‍ എട്ടിലും വിജയിച്ച രാജസ്ഥാന്‍ അവസാനമായി കളിച്ച നാല് മത്സരങ്ങളിലും പരാജയപ്പെട്ടിരുന്നു. ഒരിക്കല്‍ കൂടി രാജസ്ഥാന്‍ തോല്‍ക്കുകയും പഞ്ചാബിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിജയിക്കുകയും ചെയ്താല്‍ രാജസ്ഥാന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.
പോയന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് ഫൈനലിലെത്താന്‍ 2 അവസരങ്ങള്‍ ലഭിക്കുമെന്നതിനാല്‍ ഇന്നത്തെ മത്സരത്തില്‍ വിജയിച്ചുകൊണ്ട് പ്ലേ ഓഫ് ഉറപ്പിക്കേണ്ടത് രാജസ്ഥാന് അനിവാര്യമാണ്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടാല്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം തുടരുന്ന ആര്‍സിബിയെയാകും രാജസ്ഥാന് നേരിടേണ്ടി വരിക. പഞ്ചാബ് കിംഗ്‌സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്ട്ലര്‍ ഇല്ലാതെയായിരുന്നു രാജസ്ഥാന്‍ ഇറങ്ങിയത്. ബട്ട്ലര്‍ക്ക് പകരമെത്തിയ ടോം കോഹ്‌ളര്‍ കാഡ്‌മോര്‍ നിരാശപ്പെടുത്തിയിരുന്നു.
ഓപ്പണിംഗില്‍ ജയ്‌സ്വാളും പരാജയമാണെന്നിരിക്കെ സഞ്ജു സാംസണ്‍,റിയാന്‍ പരാഗ് എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ. പരിക്ക് മൂലം കഴിഞ്ഞ മത്സരങ്ങളില്‍ നിന്നും മാറിനിന്നിരുന്ന ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ തിരിച്ചെത്തുന്നത് രാജസ്ഥാന് ആശ്വാസം നല്‍കും. പരാഗിന് ശേഷം ഹെറ്റ്‌മെയറും ധ്രുവ് ജുറെലുമാകും ഇറങ്ങുക. ഇതോടെ റോവ്മാന്‍ പവല്‍ ടീമില്‍ നിന്നും പുറത്താകും. മറുഭാഗത്ത് ഓപ്പണ്‍ര്‍ ഫില്‍ സാള്‍ട്ട് ഇല്ലാതെയാകും കെകെആര്‍ ഇന്നിറങ്ങുക.