M S Dhoni: നന്ദി തലേ,.. അറിയാതെയെങ്കിലും ആ സിക്സ് അടിച്ചതിന്, അല്ലായിരുന്നെങ്കിൽ ആർസിബി ഉറപ്പായും തോറ്റേനെ

അഭിറാം മനോഹർ

ഞായര്‍, 19 മെയ് 2024 (08:46 IST)
ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചുവരവുകളില്‍ ഒന്നായിരുന്നു ആര്‍സിബിയുടെ ഈ സീസണിലെ തിരിച്ചുവരവ്. ആദ്യ എട്ട് മത്സരങ്ങളില്‍ ഏഴിലും പരാജയപ്പെട്ട് തുടര്‍ന്നുള്ള അഞ്ച് കളികളിലും വിജയിച്ച് ചെന്നൈയ്‌ക്കെതിരെ 18 റണ്‍സിന് വിജയിച്ചെങ്കില്‍ മാത്രമെ പ്ലേ ഓഫിലെത്തു എന്ന അവസ്ഥയില്‍ കളിക്കാനിറങ്ങിയ ആര്‍സിബിക്ക് ഇന്നലെ നഷ്ടപ്പെടുവാന്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല.വെറും ചാരമായിരുന്ന ടീമിനെ പോയന്റ് പട്ടികയില്‍ ആറാം സ്ഥാനം വരെയെത്തിച്ചത് തന്നെ ഏതൊരു ആര്‍സിബി ആരാധകനും അഭിമാനം നല്‍കുന്നതായിരുന്നു.
 
ചെന്നൈക്കെതിരെ ആദ്യ ഓവറുകളില്‍ അടിച്ചുതകര്‍ത്ത സമയത്ത് പെയ്ത മഴ മത്സരത്തില്‍ ആര്‍സിബിയെ വലിയ രീതിയില്‍ തന്നെ ബാധിച്ചിരുന്നു. മഴയ്ക്ക് ശേഷം ആര്‍സിബി സ്പിന്നര്‍മാര്‍ എറിഞ്ഞ 3 ഓവറുകളില്‍ പിചിലെ ടേണിനും ബൗണ്‍സിനും മുന്നില്‍ കോലിയും ഡുപ്ലെസിസും കുഴങ്ങുക തന്നെ ചെയ്തു. അവസാന ഓവറുകളിലെ തകര്‍പ്പന്‍ അടിയുടെ ബലത്തിലാണ് ആാര്‍സിബി 218 എന്ന സ്‌കോര്‍ സ്വന്തമാക്കിയത്. പ്ലേ ഓഫ് യോഗ്യതയ്ക്കായി 201 റണ്‍സാണ് ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. ആദ്യ ഓവറില്‍ തന്നെ നായകന്‍ റുതുരാജിനെ പുറത്താക്കാന്‍ ആര്‍സിബിക്ക് സാധിച്ചു. എന്നാല്‍ പന്ത് പഴയതായതോടെ ആര്‍സിബി ബൗളര്‍മാര്‍ക്ക് പന്തില്‍ ഗ്രിപ്പ് നഷ്ടമാവുകയും ഇത് പലപ്പോഴും ആര്‍സിബിക്ക് തിരിച്ചടിയാവുകയും ചെയ്തിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നേടാനായതോടെ അവസാന ഓവറില്‍ ചെന്നൈയുടെ പ്ലേ ഓഫ് ലക്ഷ്യം 6 പന്തില്‍ 17 റണ്‍സിലേക്ക് ചുരുക്കാന്‍ ആര്‍സിബിക്കായിരുന്നു.
 
എങ്കിലും മത്സരത്തില്‍ ചെന്നൈയെ സമ്മര്‍ദ്ദത്തിലാക്കി പരാജയപ്പെടുത്താന്‍ അവസാന ഓവറിലെ ആദ്യ പന്ത് നിര്‍ണായകമായിരുന്നു. നനവുള്ള പന്തില്‍ ബൗളര്‍മാര്‍ ഗ്രിപ്പ് കിട്ടാന്‍ പാടുപെടുന്ന അവസരത്തില്‍ ഒരു ലൂസ് ബോളാണ് യാഷ് ദയാലില്‍ നിന്നുമുണ്ടായത്. കൂറ്റനടിയോടെ ധോനി ഈ പന്തിനെ അതിര്‍ത്തി കടത്തിയതോടെ വിജയലക്ഷ്യം 5 പന്തില്‍ 11 എന്നതിലേക്ക് മാറി. ഏത് നിമിഷവും ചെന്നൈ വിജയിക്കാം എന്ന സ്ഥിതിയിലേക്ക് മാറി. എന്നാല്‍ നനഞ്ഞ പന്ത് ധോനി അടിച്ചകറ്റിയത് ആര്‍സിബിക്ക് വലിയ ഉപകാരമായി മാറി. പഴകി തേഞ്ഞ പന്തിന് പകരം പുതിയ പന്തെത്തിയതോടെ പന്തിന് മുകളില്‍ നിയന്ത്രണം പുലര്‍ത്താന്‍ ദയാലിനായി. തൊട്ടടുത്ത പന്തില്‍ ധോനിയെ പുറത്താക്കിയ ദയാല്‍ പിന്നീടുള്ള നാല് പന്തില്‍ വിട്ട് നല്‍കിയത് ഒരു റണ്‍സ് മാത്രം. നന്ദി തലേ.. നന്ദി മാത്രം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍