23.75 കോടി മുടക്കി ടീമിലെത്തിച്ച വെങ്കിടേഷ് അയ്യരുമല്ല, കൊൽക്കത്തയുടെ നായകനാകുന്നത് സർപ്രൈസ് താരം!

അഭിറാം മനോഹർ
തിങ്കള്‍, 2 ഡിസം‌ബര്‍ 2024 (18:11 IST)
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ആരാകണമെന്ന കാര്യത്തില്‍ ഫ്രാഞ്ചൈസി തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. ഐപിഎല്‍ താരലേലത്തില്‍ 23.75 കോടി മുടക്കി ടീമിലെത്തിച്ച വെങ്കിടേഷ് അയ്യരാകും നായകനെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും പുതിയ സൂചനകള്‍ പ്രകാരം ടീം ഒന്നര കോടി രൂപയ്ക്ക് സ്വന്തമാക്കിയ വെറ്ററന്‍ താരം അജിങ്ക്യ രഹാനെയാകും ടീം നായകനാവുക എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
 രഹാനെയെ നായകനാക്കുന്നതിന്റെ കാര്യത്തില്‍ ടീം മാനേജ്‌മെന്റ് 90 ശതമാനവും തീരുമാനത്തിലെത്തിയതായി കൊല്‍ക്കത്ത ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. താരലേലത്തില്‍ ആദ്യഘട്ടത്തില്‍ തഴഞ്ഞ രഹാനയെ അവസാന റൗണ്ടിലാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. എന്നാല്‍ രഞ്ജി ട്രോഫിയില്‍ മുംബൈ നായകനായുള്ള അനുഭവസമ്പത്ത് ടീമിന് ഗുണകരമാകുമെന്നാണ് ടീം മാനേജ്‌മെന്റ് ചിന്തിക്കുന്നത്.
 
 കഴിഞ്ഞ സീസണ്‍ വരെ മുംബൈ ടി20 ടീമിന്റെ കൂടി നായകനായിരുന്നു അജിങ്ക്യ രഹാനെ. 2022ല്‍ കൊല്‍ക്കത്തയില്‍ കളിച്ച രഹാനയെ മോശം ഫോമിന്റെ പേരില്‍ ടീം പുറത്താക്കിയിരുന്നു. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് പിന്നീട് ഐപിഎല്ലില്‍ രഹാനെ കാഴ്ചവെച്ചത്. ഐപിഎല്ലില്‍ 2018ലും 2019ലും രാജസ്ഥാന്‍ റോയല്‍സ് നായകന്‍ കൂടിയായിരുന്നു രഹാനെ. എന്നാല്‍ രഹാനയ്ക്ക് കീഴില്‍ കളിച്ച 12 മത്സരങ്ങളില്‍ 9 എണ്ണത്തില്‍ മാത്രം വിജയിക്കാനെ രാജസ്ഥാന് സാധിച്ചുള്ളു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article