പുജാരയും രഹാനെയും സ്പെഷ്യൽ പ്ലെയേഴ്സ്, ടി20 അല്ല ടെസ്റ്റ്, സ്വിഗും സീമും ഉള്ളപ്പോൾ ബാറ്റ് ചെയ്യുക എളുപ്പമല്ല, ഇന്ത്യൻ ബാറ്റർമാരെ ഓർമപ്പെടുത്തി ഗവാസ്കർ

അഭിറാം മനോഹർ

ചൊവ്വ, 5 നവം‌ബര്‍ 2024 (16:59 IST)
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാണം കെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് സമീപനത്തെ വിമര്‍ശിച്ച് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍.ആക്രമണോത്സുകമായി കളിക്കുക എന്നത് മാത്രമാണ് ക്രിക്കറ്റെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചെന്നും പുജാരയെയും രാഹനെയെയും പോലുള്ള മികച്ച കളിക്കാര്‍ക്ക് ഇത് ടീമിലെ സ്ഥാനം നഷ്ടമാവാന്‍ കാരണമായെന്നും ഗവാസ്‌കര്‍ പറയുന്നു.
 
 ബാസ്‌ബോള്‍ എന്ന് പറഞ്ഞ് എത്തിയ ഇംഗ്ലണ്ടിന് ഓവര്‍ സീസ് ടെസ്റ്റ് മത്സരങ്ങളില്‍ കാര്യമായ റിസള്‍ട്ട് ഉണ്ടാക്കാനായിട്ടില്ലെന്നും ടി20യിലെ സമീപനം ടെസ്റ്റിലും തുടരുന്നതാണ് ഇന്ത്യയുടെ പരാജയമെന്നും ഗവാസ്‌കര്‍ തുറന്നടിച്ചു. ചെറിയ ബൗണ്ടറികളാണ് എന്ന് കരുതി കളിക്കുന്നതാണ് ഇന്ത്യയുടെ പ്രശ്‌നം. നാല് ഡോട്ട് ബോളുകള്‍ വന്നാല്‍ അഞ്ചാം പന്തില്‍ ഫോറടിച്ച് മൊമന്റം മാറ്റുന്നത് ടെസ്റ്റില്‍ നടക്കുന്ന കാര്യമല്ല.
 
 വൈറ്റ് ബോളില്‍ അതെല്ലാം ചിലവാകും. എന്തെന്നാല്‍ അതിന് സ്വിങ്ങും സീമും കാര്യമായില്ല. കാര്യമായി സ്പിന്നും ചെയ്യില്ല. എന്നാല്‍ റെഡ് ബോളില്‍ കളിക്കുമ്പോള്‍ നിങ്ങള്‍ എപ്പോഴും അപകടത്തിലാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ക്ഷമ പ്രധാനമാണ്. നിങ്ങള്‍ക്ക് റിസള്‍ട്ട് വേണമെങ്കില്‍ ക്ഷമ വേണം. സാഹചര്യങ്ങള്‍ക്കനുസരിച്ചും എതിരാളിക്ക്ക് അനുസരിച്ചുമാകണം കളിക്കേണ്ടത്.
 
 ടെസ്റ്റ് ക്രിക്കറ്റില്‍ പിച്ച് ബൗളര്‍മാര്‍ക്ക് കുറച്ചുകൂടി അനുകൂലമാണ്. എന്നാല്‍ പുതിയ ബാറ്റര്‍മാര്‍ അത് അംഗീകരിക്കാന്‍ തയ്യാറല്ല. അതുകൊണ്ടാണ് പുജാരയ്ക്കും രഹാനെയ്ക്കുമൊന്നും ടീമി ഇടമില്ലാത്തത്. പുജാര ഓസീസ് ബൗളിംഗ് മെഷിനറിയ മാനസികമായി തകര്‍ക്കുന്ന ബാറ്ററായിരുന്നു. രഹാനെയും അങ്ങനെയായിരുന്നു. അവരെ പോലെ കളിക്കുന്നവര്‍ ഇന്ന് കുറവാണ്. ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ ബാസ് ബോള്‍ എന്നും പറഞ്ഞ് വന്നെങ്കിലും രാജ്യത്തിന് പുറത്ത് കാര്യമായ നേട്ടം അവര്‍ക്ക് ഉണ്ടാക്കാനായിട്ടില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍