നവംബര്‍ 22 മുതലാണ് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ആരംഭിക്കുന്നത്. ഇത്തവണ അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. രോഹിത് ശര്‍മ- വിരാട് കോലി എന്നീ സീനിയര്‍ താരങ്ങള്‍ ടെസ്റ്റില്‍ നിറം മങ്ങിയ പ്രകടനം കാഴ്ചവെയ്ക്കുമ്പോള്‍ വലിയ വെല്ലുവിളിയാകും ഓസീസിനെതിരായ പരമ്പര. കഴിഞ്ഞ പരമ്പരകളിലെല്ലാം ഓസ്‌ട്രേലിയക്കെതിരെ മികച്ച പ്രകടനമാണ് ചേതേശ്വര്‍ പുജാര കാഴ്ചവെച്ചത്. 2018-19 സീരീസില്‍ 521 റണ്‍സുമായി പുജാര തിളങ്ങിയിരുന്നു.
കഴിഞ്ഞ 2 പരമ്പരകളിലും ഓസ്‌ട്രേലിയന്‍ ബൗളര്‍മാരുടെ പേസ് അറ്റാക്കിനെ ഏറ്റവുമധികം തടഞ്ഞുനിര്‍ത്തിയത് പുജാരയായിരുന്നു. കഴിഞ്ഞ തവണയെല്ലാം ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലെന്ന് പറയാവുന്ന കളിക്കാരന്‍ പുജാരയായിരുന്നു. ക്രീസില്‍ ഏറെനേരം പിടിച്ചുനില്‍ക്കാന്‍ പുജാരയ്ക്ക് സാധിക്കുമായിരുന്നു. ഒരു ബാറ്റിംഗ് തകര്‍ച്ച പുജാര ഒഴിവാക്കും എന്നതിനാല്‍ തന്നെ ഇത് മറ്റ് ബാറ്റര്‍മാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിയിരുന്നു. പുജാരയുടെ ആ റോള്‍ ഇനി ആരാകും ഏറ്റെടുക്കുക. ഇന്ത്യന്‍ നിരയിലെ ടോപ് 6ലെ എല്ലാവരും തങ്ങളുടെ ഷോട്ടുകള്‍ കളിക്കാന്‍ ഇഷ്ടപ്പെടുനവരാണ്.