കഴിഞ്ഞ ഐപിഎല്ലിൽ കൊൽക്കത്തയെ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കാണ് വെങ്കിടേഷ് അയ്യർ വഹിച്ചത്. അതിനാൽ തന്നെ ടീം റീട്ടെയ്ൻ ചെയ്യുന്ന താരങ്ങളിൽ പെട്ടില്ലെങ്കിലും വെങ്കിടേഷിനെ താരലേലത്തിൽ വിട്ട് നൽകാൻ കൊൽക്കത്ത തയ്യാറായില്ല. താരലേലത്തിൽ ഉടനീളം ആർസിബി വെങ്കിടേഷ് അയ്യർക്കായി രംഗത്ത് വന്നെങ്കിലും 23.75 കോടി മുടക്കിയാണ് കൊൽക്കത്ത താരത്തെ നിലനിർത്തിയത്.
നേരത്തെ ഐപിഎൽ 2025നായി റിട്ടെൻഷൻ ചെയ്യപ്പെടാതിരുന്നപ്പോൾ താൻ കരഞ്ഞുപോയതായി വെങ്കിടേഷ് അയ്യർ തുറന്ന് പറഞ്ഞിരുന്നു. ആ ആത്മാർഥതയ്ക്ക് ടീം നൽകിയ സമ്മാനമാണ് ഭീമമായ തുക. കെകെആര്‍ എന്നത് ഒരു കുടുംബം പോലെയാണ്. 16 അല്ലെങ്കില്‍ ഇരുപതോ ഇരുപത്തഞ്ചോ കളിക്കാരുടെ കൂട്ടം മാത്രമല്ല. ടീം മാനേജ്‌മെന്റും സ്റ്റാഫുകളുമെല്ലാം കളിക്കാരുമായി അങ്ങനെയുള്ള ബന്ധമാണ് പുലര്‍ത്തുന്നത്. അതിനാല്‍ തന്നെ റിട്ടെന്‍ഷന്‍ ലിസ്റ്റില്‍ എന്റെ പേര് വന്നില്ല എന്നത് നനഞ്ഞ കണ്ണുകളോടെയാണ് എനിക്ക് സ്വീകരിക്കാനായുള്ളു. എന്നായിരുന്നു അന്ന് വെങ്കിടേഷ് അയ്യർ പറഞ്ഞത്.
കഴിഞ്ഞ ഐപിഎല്ലിൽ നോക്കൗട്ടിന്റെ സമ്മര്‍ദ്ദത്തില്‍ റിയാന്‍ പരാഗ്, സഞ്ജു സാംസണ്‍,ശിവം ദുബെ അടക്കമുള്ള താരങ്ങള്‍ പതറിയപ്പൊള്‍ അവസാന ക്വാളിഫയര്‍,ഫൈനല്‍ മത്സരങ്ങളില്‍ അര്‍ധസെഞ്ചുറിയുമായി വെങ്കിടേഷ് തിളങ്ങിയിരുന്നു. ഹൈദരാബാദിനെതിരെ ആദ്യ ക്വാളിഫയറില്‍ 28 പന്തില്‍ 51 റണ്‍സും ഫൈനല്‍ മത്സരത്തില്‍ 26 പന്തില്‍ 52 റണ്‍സുമാണ് താരം അടിച്ചെടുത്തത്.