KL Rahul: കെ.എല്‍.രാഹുലിനെ നായകസ്ഥാനത്തു നിന്ന് നീക്കാന്‍ ലഖ്‌നൗ; അടുത്ത സീസണില്‍ നിലനിര്‍ത്തില്ല !

രേണുക വേണു
വ്യാഴം, 9 മെയ് 2024 (21:08 IST)
KL Rahul: കെ.എല്‍.രാഹുലിനെ നായകസ്ഥാനത്തു നിന്ന് നീക്കാന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഈ സീസണിലെ മോശം പ്രകടനമാണ് രാഹുലിന് തിരിച്ചടിയായത്. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ നിര്‍ണായക മത്സരത്തില്‍ വന്‍ മാര്‍ജിനില്‍ തോറ്റതും രാഹുലിന്റെ നായകസ്ഥാനത്തിനു വെല്ലുവിളിയായി. 
 
ഈ സീസണില്‍ 12 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആറ് ജയത്തോടെ 12 പോയിന്റുമായി ആറാം സ്ഥാനത്താണ് ലഖ്‌നൗ. ഹൈദരബാദിനെതിരായ മത്സരത്തില്‍ 10 വിക്കറ്റിനു തോറ്റതോടെ നെറ്റ് റണ്‍റേറ്റില്‍ വന്‍ ഇടിവുണ്ടായി. ബാറ്റിങ് അത്ര ദുഷ്‌കരമല്ലാത്ത പിച്ച് ആയിട്ട് കൂടി വെറും 29 റണ്‍സാണ് രാഹുല്‍ ടീമിനായി നേടിയത്, അതും 33 പന്തുകള്‍ നേരിട്ടു ! രാഹുലിന്റെ മെല്ലെപ്പോക്കില്‍ ടീം മാനേജ്‌മെന്റിനു കടുത്ത അതൃപ്തിയുണ്ട്. പ്ലേ ഓഫിലേക്ക് പ്രവേശിക്കുകയാണെങ്കില്‍ രാഹുലിനെ നായകസ്ഥാനത്തു നിന്ന് നീക്കുന്ന കാര്യമാണ് മാനേജ്‌മെന്റ് ഇപ്പോള്‍ ആലോചിക്കുന്നത്. 
 
മാത്രമല്ല അടുത്ത സീസണില്‍ മെഗാ താരലേലം വരികയാണെങ്കില്‍ രാഹുലിനെ നിലനിര്‍ത്താന്‍ ലഖ്‌നൗ താല്‍പര്യപ്പെടുന്നില്ല. പ്രതീക്ഷയ്‌ക്കൊത്ത് രാഹുല്‍ ഉയരുന്നില്ലെന്നാണ് മാനേജ്‌മെന്റ് വിലയിരുത്തല്‍. ഹൈദരബാദിനെതിരായ മത്സരശേഷം ടീം ഉടമ സഞ്ജിവ് ഗോയങ്ക രാഹുലിനോട് ദേഷ്യപ്പെട്ട് സംസാരിച്ചിരുന്നു. രാഹുലിന്റെ ക്യാപ്റ്റന്‍സിയില്‍ അടക്കം ടീം മാനേജ്‌മെന്റിനു അതൃപ്തിയുണ്ടെന്നാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article