ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ മോശം സീരീസായാകും ചരിത്രത്തില്‍ അടയാളപ്പെടുത്തുകയെങ്കിലും ആവേശകരമായ പല മുഹൂര്‍ത്തങ്ങളും സമ്മാനിച്ച പരമ്പരയാണ് കടന്നുപോയത്. സാം കോണ്‍സ്റ്റാസ് എന്ന 19കാരന്റെ അരങ്ങേറ്റവും മൈതാനത്തിലെ അമിതമായ ആവേശവുമെല്ലാം ഇന്ത്യന്‍ ആരാധകരെ ചൊടുപ്പിച്ചിരുന്നു.
19കാരനായ താരം ഓസ്‌ട്രേലിയയ്ക്ക് പ്രതീക്ഷ നല്‍കുന്ന താരമാണെങ്കിലും ജസ്പ്രീത് ബുമ്ര അടക്കമുള്ള ഇന്ത്യന്‍ താരങ്ങളുമായി പോരടിച്ചതാണ് ഇന്ത്യന്‍ ആരാധകരെ ചൊടുപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ 19കാരനായ താരത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ആകാശ് ചോപ്ര. കോണ്‍സ്റ്റാസ് ഒരു തവണ ഇന്ത്യയിലേക്ക് പര്യടനത്തിന് വരു. നിങ്ങള്‍ ഒന്നുമല്ലാതായി തീരുമെന്നാണ് ആകാശ് ചോപ്ര കുറിച്ചിരിക്കുന്നത്. വിദേശ സാഹചര്യങ്ങളില്‍ റണ്‍സടിച്ച് കൂട്ടുന്ന പല താരങ്ങള്‍ക്കും സ്പിന്നിനെ തുണയ്ക്കുന്ന ഇന്ത്യന്‍ പിച്ചുകളില്‍ വിജയിക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് ആകാശ് ചോപ്രയുടെ വെല്ലുവിളി.
ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ജസ്പ്രീത് ബുമ്രയ്‌ക്കെതിരെ റിവേഴ്‌സ് ഷോട്ടുകളുമായാണ് കോണ്‍സ്റ്റാസ് ചര്‍ച്ചയായത്. എന്നാല്‍ നാലാമത്തെയും അഞ്ചാമത്തെയും ടെസ്റ്റുകളിലെ ബാക്കി ഇന്നിങ്ങ്‌സുകളില്‍ കാര്യമായി തിളങ്ങാന്‍ യുവതാരത്തിനായിരുന്നില്ല. അതേസമയം കോലിയുമായും ബുമ്രയുമായും യുവതാരം മൈതാനത്ത് കോര്‍ക്കുകയും ചെയ്തിരുന്നു. ഇതോടെ അഞ്ചാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ കൂട്ടമായിട്ടായിരുന്നു കോണ്‍സ്റ്റാസിനെ നേരിട്ടത്. മത്സരത്തിലുടനീലം കോണ്‍സ്റ്റാസിനെ മാനസികമായി തകര്‍ക്കാന്‍ ജയ്‌സ്വാള്‍ അടക്കമുള്ള താരങ്ങള്‍ മുന്‍നിരയിലുണ്ടായിരുന്നു.