ഇത്തവണ ഐപിഎല്‍ ആരംഭിക്കുന്നതിന് മുന്‍പ് ബൗളര്‍മാര്‍ക്ക് പന്തില്‍ തുപ്പല്‍ പുരട്ടാനുള്ള അനുമതി ലഭിച്ചിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ മഞ്ഞ് പന്തിനെ ബാധിക്കുന്നതിനാല്‍ ഇത് പരിഹരിക്കാനായി ന്യൂബോള്‍ രണ്ടാം പകുതിയില്‍ ഉപയോഗിക്കാമെന്നും തീരുമാനമായിരുന്നു. ഇമ്പാക്ട് പ്ലെയര്‍ കൂടെ വന്നതോടെ ബാറ്റര്‍മാരുടെ ഐപിഎല്ലായി ലീഗ് മാറിയെന്ന് വിമര്‍ശനം നില്‍ക്കെയായിരുന്നു ബിസിസിഐയുടെ തീരുമാനം.
രണ്ടാം ഇന്നിങ്ങ്‌സില്‍ ബൗളിങ്ങ് ക്യാപ്റ്റന്‍ മഞ്ഞ് കാരണം പറഞ്ഞ് പന്ത് മാറ്റണമെന്ന് ആവശ്യപ്പെട്ടാല്‍ ആവശ്യമെങ്കില്‍ ന്യൂബോള്‍ അനുവദിക്കണമെന്നാണ് പുതിയ നിയമം. പന്ത് മഞ്ഞ് കാരണം ഏറെ നനയുന്നതിനാല്‍ ബൗളര്‍മാര്‍ക്ക് ഗ്രിപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാണ് നടപടി. ഡല്‍ഹി- ലഖ്‌നൗ മത്സരത്തിനിടെയാണ് ഈ നിയമം ആദ്യമായി പരീക്ഷിച്ചത്. മത്സരത്തിലെ പതിമൂന്നാം ഓവറില്‍ ട്രിസ്റ്റ്യന്‍ സ്റ്റമ്പ്‌സ് ബാറ്റ് ചെയ്യവെയാണ് സിദ്ധാര്‍ഥിന് ന്യൂബോള്‍ അനുവദിച്ചത്.