Ashutosh Sharma: അശുതോഷിനെ പഞ്ചാബ് അങ്ങനെ ഉപേക്ഷിച്ചതല്ല, റീട്ടെയ്ൻ ചെയ്യാതിരുന്നതിന് കാരണം ഈ ഐപിഎൽ നിയമം

അഭിറാം മനോഹർ

ചൊവ്വ, 25 മാര്‍ച്ച് 2025 (14:55 IST)
Ashutosh Sharma
ഐപിഎല്ലില്‍ ലഖ്‌നൗവിനെതിരായ മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ എല്ലാ ആരാധകരും അത്ഭുതപ്പെടുന്നത് എന്തുകൊണ്ടാണ് ഐപിഎല്ലില്‍ പഞ്ചാബ് കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയ അശുതോഷിനെ കൈവിട്ടത് എന്നതിലാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 31 പന്തില്‍ 66 റണ്‍സുമായി തകര്‍പ്പന്‍ പ്രകടനമാണ് താരം നടത്തിയത്. ആദ്യ 20 പന്തുകളില്‍ നിന്നും 20 റണ്‍സ് മാത്രമായിരുന്നു അശുതോഷ് നേടിയിരുന്നത്.
 
കഴിഞ്ഞ സീസണില്‍ പഞ്ചാബിനായും ഇത്തരത്തിലുള്ള തകര്‍പ്പന്‍ പ്രകടനങ്ങള്‍ താരം നടത്തിയിരുന്നു. ഇതില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ജസ്പ്രീത് ബുമ്രക്കെതിരെ തകര്‍ത്തടിച്ച പ്രകടനവും ഉള്‍പ്പെടുന്നു. പിന്നെ എന്ത് കൊണ്ട് പഞ്ചാബ് താരത്തെ കൈവിട്ടു എന്നതിന് ഒരൊറ്റ ഉത്തരം മാത്രമെയുള്ളു. ഐപിഎല്ലിലെ റിട്ടെന്‍ഷന്‍ നിയമമാണ് അതിന് പിന്നിലെ കാരണം.
 
 ഐപിഎല്ലിലെ റിട്ടെന്‍ഷ്യന്‍ നിയമപ്രകാരം 2 അണ്‍ക്യാപ്ഡ് താരങ്ങളെയാണ് താരലേലത്തിന് മുന്‍പായി ടീമുകള്‍ക്ക് നിലനിര്‍ത്താനാവുക. കഴിഞ്ഞ സീസണില്‍ ശശാങ്ക് സിംഗ്, പ്രഭ് സിമ്രാന്‍, അശുതോഷ് ശര്‍മ എന്നിവരായിരുന്നു പഞ്ചാബിനായി മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തത്. നിയമപ്രകാരം 2 അണ്‍ക്യാപ്ഡ് താരങ്ങള്‍ക്ക് മാത്രമാണ് ആര്‍ടിഎം കാര്‍ഡ് ഉപയോഗിക്കാനാവുക. 2 അണ്‍ക്യാപ്ഡ് താരങ്ങളെ നേരത്തെ തന്നെ ടീം നിലനിര്‍ത്തിയതിനാല്‍ താരലേലത്തില്‍ പഞ്ചാബിന് ആര്‍ടിഎം കാര്‍ഡ് ഉപയോഗിക്കാനായില്ല. താരത്തെ താരലേലത്തില്‍ സ്വന്തമാക്കാനായി പഞ്ചാബ് ശ്രമിച്ചെങ്കിലും 3.8 കോടിക്ക് താരത്തെ ഡല്‍ഹി സ്വന്തമാക്കുകയായിരുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍