ഇക്കുറി ഐപിഎല്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ പ്രധാന ചര്‍ച്ചകളില്‍ ഒന്നായിരുന്നു ഇത്തവണ ഐപിഎല്ലില്‍ 300 റണ്‍സ് ഏതെങ്കിലും ടീമിന് സ്വന്തമാക്കാനാവുമോ എന്നത്. വമ്പനടിക്കാര്‍ നിറയെ ഉള്ളതിനാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാകും ഈ നേട്ടത്തിലെത്തുന്ന ആദ്യ ടീമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസണില്‍ നിര്‍ത്തിയ ഇടത്ത് നിന്ന് തുടങ്ങിയ ഹൈദരാബാദ് രാജസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ 286 റണ്‍സടിച്ച് 300 റണ്‍സിന് തൊട്ടരികിലെത്തിയിരുന്നു.
2024ല്‍ ആര്‍സിബിക്കെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നേടിയ 287 റണ്‍സാണ് ഐപിഎല്ലിലെ ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. എന്നാല്‍ ഈ റെക്കോര്‍ഡെല്ലാം ഏപ്രില്‍ 17ന് തകരുമെന്നാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസറായ ഡെയ്ല്‍ സ്റ്റെയ്ന്‍ പറയുന്നത്. ഏപ്രില്‍ 17നാകും ഐപിഎല്‍ ചരിത്രത്തിലെ ആദ്യ 300 റണ്‍സ് സംഭവിക്കുകയെന്ന് സ്റ്റെയ്ന്‍ എക്‌സില്‍ കുറിച്ചു.
മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള പോരാട്ടമാണ് ഏപ്രില്‍ 17ന് നടക്കുന്നത്. 2024 സീസണില്‍ മുംബൈയ്‌ക്കെതിരെ 277 റണ്‍സ് നേടാന്‍ ഹൈദരാബാദിനായിരുന്നു. ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന നാല് സ്‌കോറുകളില്‍ മൂന്നും നിലവില്‍ സണ്‍റൈസേഴ്‌സിന്റെ പേരിലാണ്. ടി20 ചരിത്രത്തില്‍ ഇതുവരെ നാല് തവണ 250+ സ്‌കോര്‍ ചെയ്യാന്‍ ഹൈദരാബാദിനായിട്ടുണ്ട്.