Ashutosh Sharma: ബാറ്റ് കിട്ടിയാൽ സിക്സടിച്ച് ജയിപ്പിക്കാമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു: അശുതോഷ് ശർമ

അഭിറാം മനോഹർ

ചൊവ്വ, 25 മാര്‍ച്ച് 2025 (13:09 IST)
ഇന്നലെ വിശാഖപട്ടണത്ത് നടന്ന ലഖ്‌നൗ- ഡല്‍ഹി ത്രില്ലറില്‍ അവസാന ഓവറില്‍ ഒരു വിക്കറ്റ് മാത്രം കയ്യിലിരിക്കെയാണ് അശുതോഷ് ശര്‍മ സിക്‌സര്‍ പറത്തി ഡല്‍ഹിയെ ആദ്യ ഐപിഎല്‍ മത്സരത്തില്‍ വിജയളാക്കിയത്. 65 റണ്‍സിന് 5 വിക്കറ്റെന്ന നിലയില്‍ നിന്നും കരകയറിയ ടീമിനെ വിജയത്തിലേക്കെത്തിച്ചത് അശുതോഷിന്റെ അസാമാന്യമായ പ്രകടനമായിരുന്നു. ആദ്യ 20 പന്തില്‍ 20 റണ്‍സ് മാത്രമെടുത്തിരുന്ന അശുതോഷ് മത്സരം അവസാനിക്കുമ്പോള്‍ 31 പന്തില്‍ നിന്നും നേടിയത് 66 റണ്‍സായിരുന്നു.
 
മത്സരശേഷം അവസാന ഓവറിനെ പറ്റി അശുതോഷ് പറയുന്നത് ഇങ്ങനെ. അവസാന ഓവര്‍ ആരംഭിക്കുമ്പോള്‍ സ്‌ട്രൈക്കില്‍ ഇല്ലാതിരുന്നതിനാല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നിട്ടും താന്‍ ശാന്തനായിരുന്നുവെന്ന് അശുതോഷ് പറയുന്നു. ആ സമയത്ത് ഞാന്‍ ശാന്തനായിരുന്നു. ഒരു സിംഗിള്‍ എടുത്താല്‍ ഒരു സിക്‌സര്‍ അടിച്ച് മത്സരം അവസാനിപ്പിക്കാമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. എന്റെ കഠിനാദ്ധ്വാനത്തിന് ഫലം ലഭിച്ചു. അശുതോഷ് പറഞ്ഞു.
 
 2024ലെ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനായും 26കാരനായ താരം വമ്പന്‍ പ്രകടനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ താരലേലത്തില്‍ ശശാങ്ക് സിങ്ങിനെ നിലനിര്‍ത്തിയപ്പോള്‍ അശുതോഷിനെ ടീം കൈവിട്ടിരുന്നു. കഴിഞ്ഞ സീസണില്‍ നിന്ന് നല്ല കാര്യങ്ങള്‍ സ്വീകരിച്ചെന്നും തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും അശുതോഷ് പറയുന്നു. കെവിന്‍ പീറ്റേഴ്‌സണെ പോലെ ഒരു ഇതിഹാസം ഒപ്പമുള്ളത് സഹായിച്ചെന്നും അശുതോഷ് വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍