ലോക ക്രിക്കറ്റില്‍ പ്രായം ഒരു തടസമേ അല്ല എന്ന് തെളിയിച്ച ഒട്ടനേകം ക്രിക്കറ്റര്‍മാരുടെ. ആ കൂട്ടത്തില്‍ ഒരിക്കലും മറക്കാനാവാത്ത പേരാണ് അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയുടേത്. അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റ് ചരിത്രത്തിന്റെ തുടക്കം മുതല്‍ ഇപ്പോഴും ടീമിന്റെ ഭാഗമായ ഓള്‍റൗണ്ടര്‍ താരം ഏഷ്യാകപ്പില്‍ ശ്രീലങ്കക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ ഒരോവറില്‍ പറത്തിയത് 5 സിക്‌സറുകളാണ്.മത്സരത്തില്‍ അഫ്ഗാന്‍ പരാജയപ്പെട്ടെങ്കിലും ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്ത് 19 ഓവറില്‍ 137 റണ്‍സില്‍ നില്‍ക്കെയാണ് അവസാന ഓവറില്‍ നബി കൊടുങ്കാറ്റ് തീര്‍ത്തത്.
22കാരനായ ശ്രീലങ്കയുടെ യുവ സ്പിന്‍ സെന്‍സേഷനായ ദുനിത് വെല്ലാലെഗെയാണ് മത്സരത്തിലെ ഇരുപതാമത്തെ ഓവര്‍ എറിയാനായെത്തിയത്. 19 ഓവറില്‍ 137 റണ്‍സെന്ന നിലയില്‍ നില്‍ക്കുന്ന അഫ്ഗാന് 160 റണ്‍സ് നേടാനാകുമോ എന്നായിരുന്നു അവശേഷിക്കുന്ന ചോദ്യം. എന്നാല്‍ അഞ്ച് ഭീമന്‍ സിക്‌സറുകളാണ് വെല്ലാലെഗെയുടെ ഓവറില്‍ നബി പറത്തിയത്. ഒരു സിംഗിളും നോബോളും ഉള്‍പ്പടെ 32 റണ്‍സാണ് അവസാന ഓവറില്‍ അഫ്ഗാന്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ പുറത്താകാതെ 22 പന്തില്‍ 60 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഇതോടെ അഫ്ഗാന്‍ സ്‌കോര്‍ 169 റണ്‍സിലെത്തിക്കാനും നബിക്ക് സാധിച്ചു.