ഏഷ്യാകപ്പില്‍ ഞായറാഴ്ച നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യയെ നേരിടുന്നതിന് മുന്‍പായി ഇന്ത്യന്‍ താരമായ വിരാട് കോലിയെ പറ്റി സോഷ്യല്‍ മീഡിയ പോസ്റ്റുമായി മുന്‍ പാക് താരം മുഹമ്മദ് ആമിര്‍. ഏഷ്യാകപ്പിലെ ഇന്ത്യ- പാക് പോരാട്ടത്തില്‍ ഹസ്തദാനത്തിന്റെ പേരിലുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുഹമ്മദ് ആമിറിന്റെ പോസ്റ്റ്. ഒരു കാര്യം ഉറപ്പായി ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച താരം മാത്രമല്ല വിരാട് കോലി, നല്ലൊരു മനുഷ്യന്‍ കൂടിയാണെന്ന് ഉറപ്പായി. ബഹുമാനം. എന്നായിരുന്നു മുഹമ്മദ് ആമിറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.
പാക് താരമാണെങ്കിലും വിരാട് കോലിയുടെ കടുത്ത ആരാധകന്‍ കൂടിയാണ് മുഹമ്മദ് ആമിര്‍. കോലിയുമായി മികച്ച സൗഹൃദവും താരത്തിനുണ്ട്. കോലിയുടെ ബാറ്റ് പരിശോധിക്കുന്ന തന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആമിറിന്റെ എക്‌സ് പോസ്റ്റ്. ഏഷ്യാകപ്പില്‍ പാകിസ്ഥാന്‍ താരങ്ങള്‍ക്ക് കൈ നല്‍കാന്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം മടിച്ച സാഹചര്യത്തിലാണ് കളിക്കളത്തിലെ സൗഹൃദം പങ്കുവെച്ച് ആമിര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.