ഇതാണോ നിങ്ങളുടെ ക്രിക്കറ്റ് സ്നേഹം?, നാണമില്ലെ ഇങ്ങനെ ചെയ്യാൻ, ഹാർദ്ദിക്കിനെ പരിഹസിക്കുന്നവർക്കെതിരെ അശ്വിൻ

അഭിറാം മനോഹർ
ഞായര്‍, 31 മാര്‍ച്ച് 2024 (14:29 IST)
ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് നായകനായത് മുതല്‍ ആരാധകര്‍ക്കിടയില്‍ നിന്നും വലിയ പ്രതിഷേധമാണ് താരത്തിനെതിരെ ഉയരുന്നത്. ഗുജറാത്ത് നായകസ്ഥാനത്ത് നിന്നും മുംബൈയില്‍ തിരിച്ചെത്തിയ സാഹചര്യത്തിലാണ് രോഹിത് ശര്‍മയ്ക്ക് മുംബൈയുടെ നായകസ്ഥാനം നഷ്ടമാകുന്നത്. ഗുജറാത്ത് ടൈറ്റന്‍സിലേക്ക് പോയ ഹാര്‍ദ്ദിക്കിനെ നായകനാക്കിയതില്‍ മുംബൈ ടീമിനുള്ളിലും ആരാധകര്‍ക്കും അതൃപ്തിയുള്ളത് പരസ്യമാണ്. സീസണില്‍ കളിച്ച 2 മത്സരങ്ങളിലും കടുത്ത കൂവലും പരിഹാസവുമാണ് ഹാര്‍ദ്ദിക് നേരിടുന്നത്.
 
മത്സരങ്ങള്‍ മുംബൈ ഹോം ഗ്രൗണ്ടില്‍ അല്ലാതിരുന്നിട്ടും ഹാര്‍ദ്ദിക് ടോസിനെത്തുന്നത് മുതല്‍ ഹാര്‍ദ്ദിക്കിനെതിരെ കാണികള്‍ പൊട്ടിത്തെറിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്നെ ഇത്തരം സംഹവങ്ങള്‍ ഇതാദ്യമാണ്. ഇപ്പോഴിതാ ആരാധകരുടെ ഈ അതിരുവിട്ട പ്രതികരണങ്ങളില്‍ നിലപാട് അറിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരമായ ആര്‍ അശ്വിന്‍. ഹാര്‍ദ്ദിക്കിനെ കളിയാക്കുന്നത് നിര്‍ത്തണമെന്നാണ് അശ്വിന്‍ പറയുന്നത്. എനിക്കിത് മനസിലാകുന്നില്ല. മറ്റൊരു രാജ്യത്ത് ഇങ്ങനെയെല്ലാം നടക്കുമോ? ജോ റൂട്ടിന്റെയും സാക്ക് ക്രൗളിയുടെയും ആരാധകര്‍ വഴക്കിടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? സ്റ്റീവ് സ്മിത്തിന്റെയും പാറ്റ് കമ്മിന്‍സിന്റെയും ആരാധകര്‍ തമ്മില്‍ വല്ല തര്‍ക്കവുമുണ്ടോ?
 
ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്നെ സച്ചിന്‍ ഗാംഗുലിക്ക് കീഴിലും ഇരുവരും ദ്രാവിഡിന് കീഴിലും കളിച്ചിട്ടുണ്ട്. ഈ മൂന്ന് പേരും എം എസ് ധോനിയുടെ കീഴിലും കളിച്ചു. ഒരു തര്‍ക്കവും ഉണ്ടായിട്ടില്ല. ഫാന്‍സ് യുദ്ധം ചെയ്യാനുള്ളവരാകരുത്. എല്ലാവരും നമ്മുടെ താരങ്ങളാണ്. സ്വന്തം താരങ്ങളെ പരിഹസിക്കാതിരിക്കുക. അശ്വിന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article